തൃക്കാക്കര: നിർമ്മാണ സാമഗ്രികൾക്ക് വിലവർദ്ധിച്ച സാഹചര്യത്തിൽ, ഈ മേഖലയിലെ വില നിയന്ത്രിക്കാൻ പ്രത്യേക വായ്പാ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി). വിവിധ ക്രഷർ അസോസിയേഷൻ അംഗങ്ങളുമായി നടന്ന വെബിനാറിലാണ് തീരുമാനം.
ക്വാറി - ക്രഷർ മേഖലയിലെ ആറ് പ്രമുഖ സംഘടനകളുടെ മുന്നൂറോളം അംഗങ്ങൾ ഓൺലൈൻ ചർച്ചയിൽ സംബന്ധിച്ചു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ, പ്രകൃതിവിഭവങ്ങളെ വരുംതലമുറയ്ക്ക് കൂടി ഉപയോഗിക്കത്തക്ക വിധം ശാസ്ത്രിയമായി ക്രഷറുകൾ നടത്താനാവശ്യമായ ആധുനിക യന്ത്രങ്ങൾക്കായി ന്യായമായ പലിശയ്ക്ക് മൂലധനം ലഭ്യമാക്കുമെന്ന് കെ.എഫ്.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു.
500 കോടി രൂപയാണ് ക്രഷറുകൾക്കായി കെ.എഫ്.സി വകയിരുത്തുന്നത്. പാരിസ്ഥിതിക അനുമതിയും അനുബന്ധ ലൈസൻസുകളും ഉള്ള യൂണിറ്റുകൾക്ക് ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചാൽ ഒരാഴ്ചക്കകം വായ്പ ലഭ്യമാക്കും. 20 കോടി രൂപവരെയുള്ള വായ്പകളാണ് അനുവദിക്കുക. പ്രോജക്ടിന്റെ 66 ശതമാനം വരെ വായ്പ നൽകും. ടേം ലോൺ കൂടാതെ ആവശ്യമുള്ള യൂണിറ്റുകൾക്ക് വർക്കിംഗ് കാപിറ്റൽ വായ്പകളും അനുവദിക്കും. മറ്റു ക്രഷറുകൾ വാങ്ങാനും വായ്പ കിട്ടും. എട്ട് ശതമാനമാണ് കെ.എഫ്.സിയുടെ അടിസ്ഥാനപലിശ.