തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കോടികളുടെ സ്വർണം കടത്തിയ കേസിൽ കോഫെപോസ (കൺസർവേഷൻ ഒഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻ ഒഫ് സ്മഗ്ളിംഗ് ആക്ടിവിറ്റീസ്) ചുമത്തപ്പെട്ട പ്രധാനപ്രതി കെ.എസ്.ആർ.ടി.സി കണ്ടക്ടർ സുനിൽകുമാർ പൊലീസിൽ കീഴടങ്ങി. ജയിൽ അധികൃതർക്ക് കൈമാറിയ ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.
സ്വർണക്കടത്ത് കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സുനിൽകുമാർ, ഡി.ആർ.ഐ സ്വത്ത് കണ്ടുകെട്ടാൻ തുടങ്ങിയപ്പോഴാണ് കീഴടങ്ങിയത്. എയർ കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണന്റെ ഒത്താശയോടെ ഇയാളുടെ സംഘം 750 കിലോയിലേറെ സ്വർണം കടത്തിയെന്നാണ് ഡി.ആർ.ഐ കണ്ടെത്തൽ. ഒരുകോടി രൂപയ്ക്ക് മേൽ കള്ളക്കടത്ത് നടത്തുന്നവർക്കെതിരെയാണ് കോഫെപോസ ചുമത്തുന്നത്. ഇവരെ ഒരു വർഷംവരെ കരുതൽ തടങ്കലിൽ വയ്ക്കാം. കേസിൽ സുനിൽ കുമാറിന് പുറമേ വി. രാധാകൃഷ്ണൻ, തിരുമല ശ്രീമന്ത്ര ഗാർഡൻസിൽ വിഷ്ണു സോമസുന്ദരൻ, കഴക്കൂട്ടം സ്വദേശിയായ അഭിഭാഷകൻ ബിജു മോഹനൻ, പാങ്ങോട് സ്വദേശി പ്രകാശൻ തമ്പി, കഴക്കൂട്ടത്ത് താമസിക്കുന്ന ആലുവ സ്വദേശിനി സെറീന ഷാജി എന്നിവർക്കെതിരെയാണ് കോഫെപോസ ചുമത്തിയത്.