ഇതുവരെ വാക്സിൻ സ്വീകരിച്ചത് 35,773പേർ
മൂന്ന് വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന്റെ നാലാം ദിവസം 10,953 ആരോഗ്യ പ്രവർത്തകർ കുത്തിവയ്പെടുത്തു. 135 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നടന്നു. എറണാകുളത്ത് 15കേന്ദ്രങ്ങളിലും കോഴിക്കോട് 11കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് 10കേന്ദ്രങ്ങളിലും ബാക്കി ജില്ലകളിൽ 9കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (1039) വാക്സിൻ സ്വീകരിച്ചത്. ആലപ്പുഴ 711, എറണാകുളം 1039, ഇടുക്കി 594, കണ്ണൂർ 880, കാസർകോട് 682, കൊല്ലം 819,കോട്ടയം 890,കോഴിക്കോട് 903, മലപ്പുറം 802, പാലക്കാട് 712, പത്തനംതിട്ട 762, തിരുവനന്തപുരം 639, തൃശൂർ 818, വയനാട് 702 എന്നിങ്ങനെയാണ് ഇന്നത്തെ എണ്ണം. തിരുവനന്തപുരം ജില്ലയിൽ ബുധനാഴ്ച 262പേർക്ക് വാക്സിൻ നൽകിയിരുന്നു. ആകെ 35,773 ആരോഗ്യ പ്രവർത്തകരായി. ആർക്കും പാർശ്വഫലങ്ങൾ ഇല്ല.
സംസ്ഥാനത്താകെ 4,69,616 ആരോഗ്യ പ്രവർത്തകരും മുന്നണിപോരാളികളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർമേഖലയിലെ 1,79,766പേരും സ്വകാര്യമേഖലയിലെ 2,03,412പേരും ഉൾപ്പെടെ 3,83,178 ആരോഗ്യ പ്രവർത്തകരും ഇക്കൂട്ടത്തിലുണ്ട്. 2942കേന്ദ്ര ആരോഗ്യ പ്രവർത്തകരും രജിസ്റ്റർ ചെയ്തു. ആഭ്യന്തര വകുപ്പിലെ 75,534 ജീവനക്കാരും, 6,600 മുൻസിപ്പൽ വർക്കർമാരും, 1,362 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്ട്രേഷൻ പൂർത്തിയാക്കി.