തൃശൂർ: ' സിബിച്ചേട്ടനില്ലായിരുന്നെങ്കിൽ ഞാനെന്ന കർഷകയില്ല... മണ്ണിനെയും കൃഷിയെയും ജീവനുതുല്യം പ്രണയിച്ച അദ്ദേഹത്തിനുളളതാണ് ഈ നേട്ടം, ഇതൊന്നും കാണാനാവാതെ, ഇല്ലാതെ പോയല്ലോ...'
സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകവനിതയ്ക്കുളള കർഷകതിലകം പുരസ്കാരം നേടിയ ഒല്ലൂക്കര പാണഞ്ചേരി കല്ലിങ്കൽ വീട്ടിൽ സ്വപ്നയ്ക്ക് വാക്കുകളിടറി. പന്ത്രണ്ടേക്കർ ഭൂമിയിൽ സ്വപ്നയുടെ ഭർത്താവ് സിബി കല്ലിങ്കൽ ചെയ്യാത്ത കൃഷികളില്ലായിരുന്നു, തെങ്ങ്, കവുങ്ങ്, ജാതി, കുരുമുളക്, മഞ്ഞൾ, കൊടമ്പുളി, ഏലം, ഗ്രാമ്പൂ, പശു, കുതിര, നായ, മുയൽ, കോഴി, വാത്ത, താറാവ്, അലങ്കാരമത്സ്യങ്ങൾ, ചെടികൾ, ഫലവൃക്ഷങ്ങൾ... സംസ്ഥാന സർക്കാരിന്റെ 2017ലെ കർഷകോത്തമ അവാർഡും 2018ലെ ജഗ് ജീവൻ റാം ദേശീയ കർഷകപുരസ്കാരവും അടക്കം നിരവധി ബഹുമതികളുമായി സിബി, യുവാക്കൾക്ക് മാതൃകയാവുകയായിരുന്നു. ഒരു സുപ്രഭാതത്തിൽ എല്ലാ ഉത്തരവാദിത്വങ്ങളും സ്വപ്നയ്ക്ക് കൈമാറി ഒന്നരവർഷം മുൻപ് സിബി (49) വിട പറഞ്ഞു. ഇടുക്കി നരിയമ്പാറയിലെ ഏലത്തോട്ടത്തിൽ ദേഹത്തേക്ക് മരം ഒടിഞ്ഞുവീണായിരുന്നു മരണം. സുഹൃത്തുക്കളോടൊപ്പം കൃഷിയിടത്തിലേക്ക് ഏലത്തട്ടകൾ വാങ്ങാനെത്തിയതായിരുന്നു.
പുരോഗമന കാർഷികാശയങ്ങൾ പ്രചരിപ്പിക്കുന്നവർക്കുള്ള ജഗ് ജീവൻ റാം ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാളിയായിരുന്നു സിബി. കേന്ദ്രസർക്കാരിന്റെ നാഷണൽ പ്ളാന്റ് ജെനോം സേവിയർ അവാർഡ്, തൃശൂർ ജില്ലയിലെ മികച്ച കർഷകനുള്ള നബാർഡിന്റെ മിക്സഡ് ക്രോപ്പ് അവാർഡ് തുടങ്ങിയവയും തേടിയെത്തി. ആ നേട്ടങ്ങളിലെല്ലാം പ്രചോദനമായി സ്വപ്നയുമുണ്ടായിരുന്നു.
അച്ഛൻ വർഗീസ് കല്ലിങ്കലിന്റെ വഴിയിലൂടെയാണ് ബിരുദധാരിയായ സിബി കൃഷിയിലേക്കെത്തിയത്. സ്വയം വികസിപ്പിച്ച 12 ഇനം ജാതിയും കൃഷി ചെയ്തിരുന്നു. ജൈവകൃഷിരീതിയിലുളള തോട്ടം കാണാൻ വിദ്യാർത്ഥികളും ഗവേഷകരും വിദേശികളുമടക്കമെത്തി. കൊമേഴ്സിൽ ബിരുദാനന്തര ബിരുദധാരിയായ സ്വപ്നയ്ക്കും കൃഷി ആവേശമായത് സിബിയുടെ വഴിയിലൂടെ നടന്നാണ്.
വന്യമൃഗങ്ങളോട് പൊരുതി...
സിബിയുടെ മരണശേഷം സ്വപ്ന തളർന്നില്ല. ഭർത്താവിന്റെ സ്വപ്നങ്ങളും മോഹങ്ങളും സഫലമാക്കാൻ രാപ്പകൽ മണ്ണിലിറങ്ങി. ബി ആർക്കിന് പഠിക്കുന്ന മകൾ ടാനിയയും ആറാം ക്ളാസ് വിദ്യാർത്ഥിയായ മകൻ തരുണുമുണ്ട് കൂട്ടിന്.
കാട്ടുപന്നിയും മലയണ്ണാനുമെല്ലാം തേങ്ങയും വാഴയും ജാതിക്കയുമെല്ലാം തിന്നൊടുക്കുമ്പോഴും നിരാശപ്പെട്ടില്ല. സ്വർണ്ണമെഡലും ഫലകവും സർട്ടിഫിക്കറ്റും അമ്പതിനായിരം രൂപയും അടങ്ങുന്ന പുരസ്കാരം, കഠിനാദ്ധ്വാനത്തിനു മാത്രമല്ല, ഈ നിശ്ചയദാർഢ്യത്തിനു കൂടിയാണ്...
സ്ത്രീകൾ കൃഷിയിടങ്ങളിലിറങ്ങണം
'' വീടും പറമ്പും കൊണ്ടുനടക്കാൻ സമയം കിട്ടുന്നില്ലെന്നും കഷ്ടപ്പാടുണ്ടെന്നും പറഞ്ഞ് വീട്ടമ്മമാർ കൃഷി ചെയ്യാതിരിക്കരുത്. സ്ത്രീകൾ ഈ രംഗത്തേക്ക് കടന്നുവന്നാൽ മാത്രമേ, കാർഷികമേഖലയിൽ മാറ്റമുണ്ടാകൂ... ''
- സ്വപ്ന