തൃശൂർ: യുവാക്കളിൽ 22 വയസിന് താഴെയുള്ളവരിൽ വോട്ടർ പട്ടികയിൽ പേര് ചേർത്തത് പകുതി പേർ മാത്രം. 19 മുതൽ 22 വയസ് പ്രായത്തിലുള്ള 95,000 ത്തോളം പേരിൽ പകുതി പേർ മാത്രമേ വോട്ടർപട്ടികയിൽ ഇടം പിടിച്ചിട്ടുള്ളൂ എന്നതിനാൽ ബാക്കിയുള്ളവരെ പട്ടികയിൽ പെടുത്തുന്ന നടപടികളാണ് പുരോഗമിക്കുന്നത്.
ഇതിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ സ്വീപ് പ്രവർത്തനങ്ങൾ നടന്നു വരികയാണ്. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ പുതിയ വോട്ടർമാരെ പട്ടികയിൽ ചേർക്കാനും വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള ബോധവത്കരണവും പ്രചരണവുമാണ് ഇപ്പോൾ ഊർജിതമാക്കിയിട്ടുള്ളത്. ജില്ലയിലെ 28 കോളേജുകളിലും 8 പോളിടെക്നിക്കുകളിലും ജനുവരി 25ന് വോട്ടേഴ്സ് ദിനം ആചരിക്കും. ഇതോടൊപ്പം 18 വയസ്സ് പൂർത്തിയായതും വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാത്തതുമായ വിദ്യാർത്ഥികളെ വോട്ടർ പട്ടികയിൽ ചേർക്കാനുള്ള എൻ.എസ്.എസ് ക്യാമ്പിനും തുടക്കമാകും.
വോട്ടേഴ്സ് ദിനം കുട്ടനെല്ലൂർ ഗവ. കോളേജിൽ സ്വീപ് ചെയർമാൻ കൂടിയായ കളക്ടർ എസ്. ഷാനവാസ് ഉദ്ഘാടനം ചെയ്യും. കോളേജ് വിദ്യാർത്ഥികൾക്കായി തിരഞ്ഞെടുപ്പ് വിഷയം ആസ്പദമാക്കി പോസ്റ്റർ രചന മത്സരവും നടത്തും.