കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിൽ ഹരിത കർമസേന വാർഡുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം ട്രി ഫോർട്ട് കുന്നുകര എന്ന കമ്പനിക്ക് കൈമാറി. 2019 ഫെബ്രുവരി 20 ന് രൂപീകരിച്ച ഹരിത കർമസേന 12 ടൺ മാലിന്യം വിവിധ ഏജൻസികൾക്കും, മൂന്ന് ടൺ പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്കും കൈമാറി.
ക്ലീൻ കേരള കമ്പനിയുമായി ധാരണ ഉണ്ടാക്കിയതിനെ തുടർന്ന് പ്ലാസ്റ്റിക് അജൈവ മാലിന്യം തരം തിരിച്ച് നൽകുന്നതിന് ഹരിത കർമ്മസേനയെ പഞ്ചായത്ത് ചുമതലപ്പെടുത്തി. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് അജൈവ മാലിന്യം ശേഖരിക്കുന്നത് രേഖപ്പെടുത്തുന്നതിനായി ഗ്രീൻ കാർഡ് നൽകിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മസേനയ്ക്ക് കൈമാറണമെന്നും ലൈസൻസ് പുതുക്കുന്നതിന് ഗ്രീൻ കാർഡ് നിർബന്ധമായും ഹാജരാക്കണമെന്നും വ്യാപാര സംഘടനകളുമായി ഭരണസമിതി ധാരണയാക്കിയതായി പ്രസിഡന്റ് എം.എസ്. മോഹനൻ അറിയിച്ചു.
2021- 22 വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്ക് ഗുണഭോക്താക്കൾ ഗ്രീൻ കാർഡ് നിർബന്ധമായി ഹാജരാക്കണമെന്നും തീരുമാനിച്ചു. ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിനായി ആദ്യ ഘട്ടത്തിൽ പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ പത്ത് പ്രധാന സ്ഥാപനങ്ങളെ ഭരണ സമിതി തിരഞ്ഞെടുത്തു. പി. വെമ്പല്ലൂരിൽ പ്രവർത്തിക്കുന്ന ഹരിത കർമസേന ഓഫീസിന് സമീപം നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, വൈസ് പ്രസിഡന്റ് ജയ സുനിൽരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അയൂബ്, നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി രാംദാസ്, വാർഡ് മെമ്പർ കൃഷ്ണേന്ദു, വി.ഇ.ഒ ഗീത, ഹരിത കർമസേന ലീഡർ രാധാമണി തുടങ്ങിയവർ ചേർന്ന് മാലിന്യം കമ്പനിക്ക് കൈമാറി.