തിരുവനന്തപുരം: വിവാദമായ കടയ്ക്കാവൂർ പോക്സോ കേസിൽ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം നേരിടുന്ന അമ്മയ്ക്ക് ജാമ്യം. ഹൈക്കോടതി സിംഗിൽ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.
കുറ്റകൃത്യം കേട്ടുകേൾവിയില്ലാത്തതും അതിശയം നിറഞ്ഞതാണെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ സ്വഭാവം കണക്കിലെടുത്ത് ആഴത്തിലുളള അന്വേഷണം വേണം. അന്വേഷണം നടത്താൻ നിലവിലുളള അന്വേഷണ സംഘത്തിന് പകരം പുതിയൊരു സംഘം രൂപീകരിക്കണം. ഒരു വനിത ഐ പി എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലായിരിക്കണം സംഘം രൂപീകരിക്കേണ്ടതെന്നും വളരെ പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡിനെ നിയോഗിക്കണം. കുട്ടിയുടെ സംരക്ഷണം ഒരു പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റണം എന്നതടക്കമുളള നിർദ്ദേശങ്ങളും കോടതി വിധിപ്രസ്താവത്തിൽ നടത്തുകയുണ്ടായി.