യു.എസ് പ്രസിഡന്റായി ജോ ബൈഡനും പ്രഥമ വനിതയായി ഭാര്യ ജില്ലും വൈറ്റ് ഹൗസിലേക്ക് പടി കയറുമ്പോൾ ഒപ്പം മറ്റൊരു ശൂന്യത കൂടി നികത്തപ്പെടുകയാണ്. വൈറ്റ് ഹൗസിലേക്ക് വീണ്ടും അരുമ മൃഗങ്ങളും എത്തുകയാണ്. അമേരിക്കൻ പ്രസിഡന്റുമാർ പരമ്പരാഗതമായി തങ്ങളുടെ വളർത്തു മൃഗങ്ങളെ വൈറ്റ് ഹൗസിൽ വളർത്തിയിരുന്നു. എന്നാൽ, ട്രംപിന്റെ വരവോടെ ആ രീതി പാടേ മാറി. 1840കളിൽ ജെയിംസ് പോൾക്കിന് ശേഷം ആദ്യമായാണ് ഒരു പ്രസിഡന്റ് വളർത്തു മൃഗങ്ങളെ വൈറ്റ് ഹൗസിലേക്ക് അടുപ്പിക്കാതിരുന്നത്.
ഏതായാലും ബൈഡന്റെ വരവോടെ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട രണ്ട് നായ്ക്കളും വൈറ്റ് ഹൗസിന്റെ ഭാഗമായിരിക്കുകയാണ്. ഇക്കൂട്ടത്തിൽ ' മേജർ ' എന്ന നായയ്ക്ക് ഒരു സവിശേഷതയുണ്ട്. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട ശേഷം വൈറ്റ് ഹൗസിൽ വളരാൻ ഭാഗ്യം ലഭിച്ച ആദ്യ നായ എന്ന ബഹുമതിയാണ് മേജറിന് സ്വന്തമായിരിക്കുന്നത്.
2018ൽ ഡെലാവെയർ ഹ്യൂമേൻ അസോസിയേഷനിൽ നിന്നാണ് ബൈഡൻ മേജറിനെ ദത്തെടുത്തത്. 'ചാംപ് ' ആണ് ബൈഡന്റെ മറ്റൊരു വളർത്തുനായ. മേജറിന്റെ വൈറ്റ് ഹൗസ് പ്രവേശനത്തെ ഡെലാവെയർ ഹ്യൂമേൻ അസോസിയേഷൻ ആഘോഷമാക്കി മാറ്റിയിരുന്നു. 2008ലാണ് ചാംപ് ബൈഡൻ കുടുംബത്തിന്റെ ഭാഗമായത്. മേജറിനെയും ചാംപിനെയും കൂടാതെ ഭാവിയിൽ ഒരു വളർത്തുപൂച്ചയെ കൂടി വൈറ്റ് ഹൗസിലെത്തിച്ചേക്കാമെന്ന് ജിൽ ബൈഡൻ സൂചന നൽകുന്നുണ്ട്.
മുൻ പ്രസിഡന്റായിരുന്ന ബറാക് ഒബാമയ്ക്ക് പ്രചാരണ സമയത്ത് വളർത്തു നായ്ക്കൾ ഇല്ലായിരുന്നു. എന്നാൽ, വൈറ്റ് ഹൗസിലെത്തിയ ശേഷം മക്കളായ സാഷയ്ക്കും മാലിയയ്ക്കും ഒരു നായക്കുട്ടിയെ സമ്മാനിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. തുടർന്ന് മുൻ സെനറ്റർ ആയിരുന്ന ടെഡ് കെന്നഡി ഒബാമ കുടുംബത്തിന് പോർച്ചുഗീസ് വാട്ടർ ഡോഗ് ഇനത്തിൽപ്പെട്ട 'ബോ' എന്ന നായയെ സമ്മാനിച്ചിരുന്നു. ഇതേ ഇനത്തിലുള്ള 'സണ്ണി' എന്ന നായയെ 2013ൽ ഒബാമ ദത്തെടുത്തിരുന്നു.
പ്രശസ്തിയ്ക്ക് പുറമേ ആനുകൂല്യങ്ങളും വി.ഐ.പി പരിഗണനയും അമേരിക്കയുടെ 'പ്രഥമ" വളർത്തുമൃഗങ്ങൾക്ക് ലഭിക്കാറുണ്ട്. ജോർജ് ഡബ്ല്യൂ. ബുഷിന്റെ സ്കോട്ടിഷ് ടെറിയർ ഇനത്തിൽപ്പെട്ട 'ബേർണി' എന്ന നായ തന്നെ ഏറ്റവും വലിയ ഉദാഹരണം. പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രാവിമാനമായ എയർ ഫോഴ്സ് വണ്ണിൽ പറന്നിരുന്ന ബേർണിയ്ക്ക് വേണ്ടി 'ബേർണികാം' എന്ന പേരിൽ നിരവധി വീഡിയോകളും ഒഫിഷ്യൽ വെബ് പേജും ഉണ്ടായിരുന്നു. 2013ൽ 12 വയസുള്ളപ്പോൾ ബേർണി ചത്തുപോയി.
ബിൽ ക്ലിന്റണിന് 'ബഡ്ഡി' എന്ന ചോക്ലേറ്റ് ലാബ്രഡോർ റിട്രീവർ നായയും 'സോക്സ് ' എന്ന പൂച്ചയും ഉണ്ടായിരുന്നു. അതേസമയം, ജോർജ് ഡബ്ല്യൂ.എച്ച്. ബുഷിനും കുടുംബത്തിനും വൈറ്റ് ഹൗസിൽ ഇംഗ്ലീഷ് സ്പ്രിംഗർ സ്പാനിയൽ ഇനത്തിൽപ്പെട്ട 'മില്ലി ' ഉൾപ്പെടെ ഒന്നിലധികം വളർത്തുനായ്ക്കളുണ്ടായിരുന്നു.
യു.എസിലെ 67 ശതമാനം വീടുകളിലും ഒരു വളർത്തു മൃഗമുള്ളതായി ദി അമേരിക്കൻ പെറ്റ് പ്രോഡക്ട്സ് അസോസിയേഷന്റെ 2019ലെ കണക്കിൽ പറയുന്നു. ഷെൽട്ടറുകളിൽ നിന്ന് ദത്തെടുക്കപ്പെടുന്ന മൃഗങ്ങളുടെ എണ്ണത്തിലും വർദ്ധനയുണ്ടായിട്ടുണ്ട്.
ചീങ്കണ്ണിയെയും 'സാത്താനെയും' പാർപ്പിച്ച വൈറ്റ് ഹൗസ് !
നായയും പൂച്ചയും മാത്രമല്ല, അസാധാരണമായ വളർത്തുമൃഗങ്ങളെ വൈറ്റ് ഹൗസിൽ വളർത്തി വ്യത്യസ്തരായ പ്രസിഡന്റുമാരും അമേരിക്കയുടെ ചരിത്രത്തിലുണ്ട്. വൈറ്റ് ഹൗസിനെ ഒരു കൊച്ചു മൃഗശാലയാക്കി മാറ്റിയ പ്രസിഡന്റാണ് തിയഡോർ റൂസ്വെൽറ്റ്. പാമ്പുകൾ, കരടി, സിംഹം, കഴുതപ്പുലി, സീബ്ര തുടങ്ങി സാധാരണ വളർത്തുമൃഗങ്ങളായ പട്ടി, പൂച്ച, കുതിര, പക്ഷികൾ, എലികൾ, പന്നി എന്നിവയെയും റൂസ്വെൽറ്റ് വളർത്തിയിരുന്നു. റൂസ്വെൽറ്റ് കഴിഞ്ഞാൽ അറിയപ്പെടുന്ന മറ്റൊരു മൃഗസ്നേഹി കാൽവിൻ കൂളിഡ്ജ് ആണ്. വിവിധ തരം നായ്ക്കൾ, പക്ഷികൾ, റാക്കൂണുകൾ, വാലബി, കരടി, ഹിപ്പോ തുടങ്ങിയവയെ കൂളിഡ്ജ് വൈറ്റ് ഹൗസിൽ പാർപ്പിച്ചിരുന്നു.
യു.എസിന്റെ ആറാമത്തെ പ്രസിഡന്റായിരുന്ന ജോൺ ക്വിൻസി ആഡംസിന്റെ വളർത്തുമൃഗം ഒരു ചീങ്കണ്ണിയായിരുന്നു. മാർക്വിസ് ഡി ലെഫയെറ്റ് എന്ന ഫ്രഞ്ച് ധനികനാണ് ക്വിൻസിയ്ക്ക് ചീങ്കണ്ണിയെ സമ്മാനമായി നൽകിയത്. സമ്മാനം സ്വീകരിച്ച ക്വിൻസി വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിലെ കുളിമുറിയിലെ ബാത്ത് ടബിലായിരുന്നു ചീങ്കണ്ണിയെ പാർപ്പിച്ചിരുന്നത്. മാസങ്ങളോളം വൈറ്റ്ഹൗസിൽ തന്നെയുണ്ടായിരുന്ന ചീങ്കണ്ണിയെ പിന്നീട് ക്വിൻസി തിരികെ ഏല്പിക്കുകയായിരുന്നു. ബാത്ത് റൂമിലെ ചീങ്കണ്ണിയെ കണ്ട് ഭയന്ന് അതിഥികൾ പരക്കം പായുന്നത് കാണാൻ ക്വിൻസിയ്ക്ക് ഏറെ ഇഷ്ടമായിരുന്നത്രെ. എന്നാൽ, ചീങ്കണ്ണിയെ വളർത്തിയിരുന്നു എന്നത് സംബന്ധിച്ച രേഖകളൊന്നും ഇന്ന് ലഭ്യമല്ല. ക്വിൻസിയുടെ ഭാര്യ ലൂസിയ ആകട്ടെ പട്ടുനൂൽ പുഴുക്കളെ വളർത്തിയിരുന്നു.
ജെയിംസ് ബ്യുക്കാനൻ തായ്ലൻഡ് രാജാവ് തനിക്ക് സമ്മാനിച്ച ആനയെ വൈറ്റ് ഹൗസിൽ വളർത്തിയിരുന്നു. ബെഞ്ചമിൻ ഹാരിസൺ രണ്ട് ഒപ്പോസങ്ങളെയും വുഡ്രോ വിൽസൺ ചെമ്മരിയാടുകളെയും വളർത്തിയിരുന്നു. രണ്ടാമത്തെ പ്രസിഡന്റായിരുന്ന ജോൺ ആഡംസ് നായ്ക്കൾക്കൊപ്പം ക്ലിയോപാട്ര, സീസർ എന്നീ കുതിരകളെ വൈറ്റ് ഹൗസിൽ താമസിപ്പിച്ചിരുന്നു. ആഡംസിന്റെ വളർത്തുനായ്ക്കളിൽ ഒന്നിന്റെ പേര് 'സാത്താൻ ' എന്നായിരുന്നു.
ആഡംസിനെ കൂടാതെ തോമസ് ജെഫേഴ്സൺ, എബ്രഹാം ലിങ്കൺ, യുലീസസ് എസ്. ഗ്രാന്റ്, റൊണാൾഡ് റീഗൻ, ജോൺ എഫ്. കെന്നഡി തുടങ്ങിയവരും കുതിരകളെ വളർത്തിയിരുന്നു. മാർട്ടിൻ വാൻ ബ്യൂറൺ ഒമാൻ സുൽത്താൻ സമ്മാനിച്ച രണ്ട് കടുവക്കുട്ടികളെ വളർത്തിയിരുന്നു. അമേരിക്കൻ കോൺഗ്രസിന്റെ നിർബന്ധത്താൽ ഈ കടുവക്കുട്ടികളെ പിന്നീട് മൃഗശാലയിലേക്ക് മാറ്റി.