കോട്ടയം: മുണ്ടക്കയത്ത് വീട്ടിൽ മുറിയിൽ പൂട്ടിയിട്ട് പട്ടിണിക്കിട്ട് പിതാവിനെ കൊന്ന സംഭവത്തിൽ മകൻ അറസ്റ്റിൽ. വണ്ടൻപതാൽ അസംബനി തൊടിയിൽ വീട്ടിൽ റെജിയാണ് (40) അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
റെജിയുടെ പിതാവ് പൊടിയൻ (80) ആണ് കഴിഞ്ഞദിവസം മരിച്ചത്. പൊടിയന്റെ ഭാര്യ അമ്മിണി (75) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അമ്മിണി മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലാണ് കഴിയുന്നത്.
അതേസമയം, ഇന്നലെ സബ്കളക്ടർ രാജീവ് കുമാർ ചൗധരി, സാമൂഹിക ക്ഷേമ നീതി വകുപ്പ് ജില്ലാ ഡയറക്ടർ പി.പി. ചന്ദ്രബോസ് എന്നിവർ പൊടിയന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.
പൊടിയനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമുള്ള വിശദവിവരങ്ങൾ അയൽവാസികളിൽ നിന്നും ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ ജനപ്രതിനിധികൾ എന്നിവരിൽ നിന്നും ചോദിച്ചറിഞ്ഞു.
മാതാപിതാക്കളുടെ ദുരവസ്ഥ അറിഞ്ഞ് താൻ വീട്ടിൽ എത്തിയെന്നും അവിടെനിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മകന്റെ എതിർപ്പ് മൂലം അതിന് കഴിഞ്ഞില്ലെന്നും പഞ്ചായത്ത് അംഗം സിനിമോൾ സബ് കളക്ടറോട് പറഞ്ഞു.
ഭക്ഷണവും പരിചരണവും കിട്ടാതെ വന്നത് മകന്റെ വീഴ്ചയാണെന്ന കണ്ടെത്തലിനെ തുടർന്നാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങളായി പൊടിയൻ പട്ടിണിയിലായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങൾ ചുരുങ്ങിയ നിലയിലായിരുന്നു. വയറ്റിൽ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളു. പരിശോധനയ്ക്കായി എടുത്ത പൊടിയന്റെ ആന്തരികാവയവങ്ങൾ തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിസൾട്ട് വന്നശേഷമേ തുടർനടപടികൾ ഉണ്ടാവുകയുള്ളുവെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി വ്യക്തമാക്കി. .