കോട്ടയം: തോട്ടം മേഖലയിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് കിട്ടേണ്ട സ്കോളർഷിപ്പ് തുക മുൻജനപ്രതിനിധികളും അദ്ധ്യാപകരും ഉൾപ്പെട്ട തട്ടിപ്പുസംഘം കൈക്കലാക്കിയതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. രണ്ടു വർഷം കൊണ്ട് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് പഠനം നിർത്തിയ കുട്ടികളുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകളുണ്ടാക്കിയും തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ബാങ്ക് പാസ്ബുക്കും, എ.ടി.എം കാർഡും സൂത്രത്തിൽ കൈക്കലാക്കി ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ സ്കോളർഷിപ്പ് തുക തട്ടിയെടുത്തതായും അറിവായിട്ടുണ്ട്. പഠനം നിർത്തിയവരുടെ ബാങ്ക് പാസ് ബുക്കും ഇവർ കൈക്കലാക്കിയിരുന്നു
തോട്ടം മേഖലയിലെ രണ്ട് അദ്ധ്യാപകരും എസ്.സി. ഡിപ്പാർട്ടുമെന്റിൽ ജോലി ചെയ്തിരുന്ന മരിച്ചുപോയ ഉദ്യോഗസ്ഥനും ചേർന്നാണ് തമിഴ്നാട്ടിലെ കോളേജുകളുടെ പേരിൽ പഠനം നിർത്തിയ കുട്ടികൾക്ക് ഉൾപ്പെടെ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയത്.
ഈ സർട്ടിഫിക്കറ്റുകൾ ജനപ്രതിനിധികൾ വഴി പട്ടികജാതി ഓഫീസിൽ ഹാജരാക്കിയാണ് പണം തട്ടിയത്. സഹായം നൽകിയ വിദ്യാർത്ഥികളുടെ വിവരങ്ങളും കോളേജ് സർട്ടിഫിക്കറ്റുകളും വിശദമായ പരിശോധന നടത്താതെ തുക അനുവദിച്ചതിന് പിന്നിൽ പട്ടികജാതി വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കും പങ്കുള്ളതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽ ബിരുദം മുതൽ ഉയർന്ന കോഴ്സുകൾ പഠിക്കുന്ന ചില വിദ്യാർത്ഥികളെയും ഇവർ പറ്റിച്ചു. ബിരുദം മുതലുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കുന്ന പട്ടികജാതിവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 20,000 മുതൽ 50,000 രൂപ വരെയാണ് ഓരോ വർഷവും ധനസഹായവുമായി സർക്കാർ നൽകുന്നത്. ഓരോ വാർഡിലെയും പഞ്ചായത്ത് അംഗങ്ങളും ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളുമാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ബ്ളോക്ക് കമ്മിറ്റികൾ ചേർന്നാണ് കോളേജ് രേഖകൾ പരിശോധിച്ച് തുക പാസാക്കുന്നത്. സ്കോളർഷിപ്പ് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് മുൻ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങൾ ബാങ്ക് പാസ് ബുക്കും എ.ടി.എ. കാർഡും ആദ്യം കൈവശപ്പെടുത്തി. തുക അനുവദിച്ചപ്പോൾ എ.ടി.എം. കാർഡ് ഉപയോഗിച്ച് അത് തട്ടിയെടുക്കുകയായിരുന്നു.
രണ്ടു കൂട്ടരും ഒരു സംഘമായാണ് പ്രവർത്തിക്കുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പാസ്ബുക്കും എ.ടി.എം കൈവശപ്പെടുത്തിയത് സംബന്ധിച്ച് ചില വിദ്യാർത്ഥികൾ പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടപ്പെട്ടതോടെയാണ് സംഭവം പുറത്തായത്. വർഷങ്ങളായി തുടർന്നു വരുന്ന തട്ടിപ്പ് സംബന്ധിച്ച് വിജിലൻസ് വിഭാഗം അന്വേഷിക്കുമെന്നറിയുന്നു.