ന്യൂഡൽഹി: കോൺഗ്രസിന് പുതിയ ദേശീയ അദ്ധ്യക്ഷൻ ഉടനുണ്ടാകില്ല. മേയിലെ പ്ലീനറി സമ്മേളനത്തിന് ശേഷം മാത്രമേ പാർട്ടിക്ക് പുതിയ അദ്ധ്യക്ഷനുണ്ടാവുകയുളളൂ. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥിരം അദ്ധ്യക്ഷൻ വേണമെന്ന കേരള നേതാക്കളുടെ ആവശ്യം കോൺഗ്രസ് ഹൈക്കമാൻഡ് തളളി.
സംഘടനയിൽ സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ട് രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുളള 23 നേതാക്കൾ അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് മുമ്പാകെ നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും നേതൃത്വം ഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കുന്നില്ലെന്ന് വേണം ഹൈക്കമാൻഡ് തീരുമാനം വഴി മനസിലാക്കേണ്ടത്. മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘടനാ തിരഞ്ഞെടുപ്പ് സമിതിയെ നാല് മാസം മുമ്പ് നിയമിച്ചിരുന്നെങ്കിലും സമിതി യോഗം ചേർന്നത് ഇന്ന് മാത്രമാണ്.
ഇന്ന് ചേർന്ന പ്രവർത്തകസമിതിയിൽ ഫെബ്രുവരിക്ക് മുമ്പ് സംഘടന തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാൻ തീരുമാനമെടുക്കും എന്നായിരുന്നു നേതാക്കളുടെ പ്രതീക്ഷ. വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി രണ്ടായിരത്തോളം വരുന്ന എ ഐ സി സി പ്രതിനിധികളുടെ ഫോട്ടോകൾ കേരളമുൾപ്പെടെയുളള വിവിധ സംസ്ഥാനങ്ങളിൽനിന്ന് തിരഞ്ഞെടുപ്പ് സമിതി ശേഖരിച്ചിരുന്നു. 2017ൽ രാഹുൽ ഗാന്ധിയെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത് ഈ പട്ടികയിലുൾപ്പെട്ടവരാണ്. രാഹുൽ തയ്യാറായാൽ തിരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവിന് അപസ്വരമില്ലാതെ അരങ്ങൊരുക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം. എന്നാൽ, രാഹുൽ മത്സരിക്കുമോ എന്ന കാര്യത്തിൽ നേതൃത്വംതന്നെ ആശയക്കുഴപ്പത്തിലാണ്. ഇതും അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നീളുന്നതിനുളള കാരണമായി.
രാഹുൽ മത്സരിക്കാൻ തയ്യാറല്ലാതായതോടെ കൊവിഡ് കഴിയുന്നതുവരെ സോണിയതന്നെ അദ്ധ്യക്ഷസ്ഥാനത്ത് തുടരാൻ നേതാക്കൾ നിർബന്ധിക്കുകയായിരുന്നു. വീഡിയോ കോൺഫറൻസ് വഴി രാഹുലിനെ പാർട്ടി തലപ്പത്ത് വാഴിക്കുന്നതിന്റെ അഭംഗി ഇതുവഴി തടയാമെന്നാണ് കോൺഗ്രസ് നേതൃത്വവും കണക്കുകൂട്ടുന്നത്.