തൈറോയ്ഡ് ഹോർമോണിന്റെ ഉൽപ്പാദനക്കുറവ് കാരണമുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം.സ്ത്രീകളാണ് ഇതിന്റെ ബുദ്ധിമുട്ട് അധികവും അനുഭവിക്കുന്നത്. ഹൈപ്പോതൈറോയ്ഡിസം തുടക്കത്തിൽ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. ക്ഷീണം, തണുപ്പ് സഹിക്കാൻ കഴിയായ്ക, മലബന്ധം, രൂക്ഷതയുള്ള ത്വക്ക്, കൊളസ്ട്രോൾ കൂടുക,വണ്ണം കൂടിവരുക, തൊട്ടാൽ വേദന, മുഖം ചീർക്കുക, മുടിയുടെ കനം കുറയുക, ഹൃദയമിടിപ്പ് കുറയുക, തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കം,വിഷാദം, ഓർമ്മക്കുറവ്, ശബ്ദവ്യത്യാസം, ആർത്തവത്തിന്റെ അളവ് വർദ്ധിക്കുക, കൃത്യമല്ലാത്ത ആർത്തവം, പേശികൾക്ക് ബലക്കുറവ്, സന്ധികൾക്ക് വേദനയും പിടുത്തവും വീക്കവും എന്നിവ ക്രമേണ ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടാം.
ഹോർമോണിന്റെ അപര്യാപ്തത എത്രമാത്രം എന്നതിനെ ആശ്രയിച്ചാണ് ലക്ഷണങ്ങൾ തീവ്രമാകുന്നത്. ഈ രോഗമുള്ളവരിൽ ലക്ഷണൾ പ്രകടമാകുന്നത് വളരെ സാവധാനമാണ്. ചിലപ്പോൾ വർഷങ്ങൾ തന്നെ എടുത്തെന്നിരിക്കും.
ലൈംഗികശേഷിക്കുറവ്, ലൈംഗിക തൃപ്തിയില്ലായ്മ, ശീഘ്രസ്ഖലനം തുടങ്ങിയവ കാണുന്ന പുരുഷന്മാരിൽ ഹൈപോതൈറോയ്ഡിസം കാരണമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
മഞ്ഞപ്പിത്തം, പുറത്തേക്ക് തള്ളുന്ന വിധം വലുപ്പമുള്ള നാവ്, ശ്വാസതടസം, പൊക്കിളിലുണ്ടാകുന്ന ഹെർണിയ, സ്ഥിരമായ മലബന്ധം, മാംസപേശികളുടെ ബലക്കുറവ്, ഉറക്കക്കൂടുതൽ എന്നിവയുള്ള ചെറിയ കുട്ടികളുടെ തൈറോയ്ഡ് പരിശോധിക്കണം.
വളർച്ചക്കുറവ്, സ്ഥിരദന്തങ്ങൾ സമയത്ത് മുളയ്ക്കാതിരിക്കുക, പ്രായപൂർത്തിയാകാനുള്ള താമസം, മാനസിക വളർച്ചയുടെ കുറവ് എന്നിവ കൗമാരപ്രായക്കാരിൽ കാണുന്നുണ്ടെങ്കിൽ അത് തൈറോയ്ഡ് ഹോർമോൺ ഉൽപാദനക്കുറവ് കാരണമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന ശേഷി കുറഞ്ഞും തൈറോയ്ഡ് ഗ്രന്ഥിയില്ലാതെയും ജനിക്കുന്നവരുണ്ട്. ചിലർ വളരുന്നതിനനുസരിച്ച് തൈറോയ്ഡ് ഗ്രന്ഥി വളർച്ച പ്രാപിക്കാതെയും ഇതേ പ്രശ്നമുണ്ടാകാം. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യവും ചിലർക്ക് ഗർഭിണിയായിരിക്കുമ്പോഴും പ്രസവിച്ച ശേഷവും തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന വ്യത്യാസവും മറ്റുചിലരിൽ അയഡിന്റെ അഭാവവും ഹൈപ്പോതൈറോയ്ഡിസത്തിന് കാരണമാകാറുണ്ട്.