ന്യൂഡൽഹി: ട്വിറ്റർ പ്രതിനിധികളെ നിർത്തിപൊരിച്ച് പാർലമെന്ററി സമിതി. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ഓൺ ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ അംഗങ്ങളാണ് തങ്ങൾക്ക് മുന്നിലെത്തിയ ട്വിറ്റർ പ്രതിനിധികളെ ശാസിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്ത വിഷയങ്ങൾ ഉൾപ്പടെയുളള കാര്യങ്ങളിലായിരുന്നു പാർലമെന്ററി സമിതി ട്വിറ്ററിനോട് വിശദീകരണം തേടിയത്.
രണ്ട് മാസം മുമ്പായിരുന്നു ട്വിറ്റർ അമിത് ഷായുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. പകർപ്പവകാശ ലംഘനമായിരുന്നു ഇതിന് കാരണമെന്നും അക്കൗണ്ട് ഉടൻ തന്നെ പുനസ്ഥാപിച്ചിരുന്നെന്നും ട്വിറ്റർ പ്രതിനിധി സമിതിയ്ക്ക് മുന്നിൽ വിശദീകരണം നൽകി. എങ്ങനെയാണ് ഒരു രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നത് എന്നായിരുന്നു സമിതിയുടെ പ്രധാന ചോദ്യം.
ട്വിറ്ററിന്റെ ഫാക്ട് ചെക്കിംഗ് സംവിധാനത്തെ കുറിച്ചും സമിതിയിലെ ബി ജെ പി പ്രതിനിധികൾ ആരാഞ്ഞു. ആരോഗ്യപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടിയുളള നടപടി മാത്രമാണ് ഫാക്ട് ചെക്ക് ഫ്ലാഗിംഗ് എന്നാണ് ട്വിറ്റർ സമിതിയോട് വിശദമാക്കിയത്. ട്വിറ്ററിന്റെ വിശദീകരണത്തിൽ സമിതി അംഗങ്ങൾ പൂർണ തൃപ്തരല്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്.
ഇന്ത്യയുടെ മാപ്പ് പ്രസിദ്ധപ്പെടുത്തിയതിലെ പിഴവും സമിതി ട്വിറ്ററിനെ ചൂണ്ടിക്കാട്ടി. ഡാറ്റകളുടെ ദുരുപയോഗം ചെയ്യൽ, ഡിജിറ്റൽ ഇടങ്ങളിലെ സ്ത്രീ സുരക്ഷ, പൗരന്റെ അവകാശസംരക്ഷണം എന്നീ വിഷയങ്ങളിൽ ഫേസ്ബുക്ക് പ്രതിനിധികളുമായും സമിതി വിശദമായ ചർച്ചയാണ് നടത്തിയത്.