ചമ്പക്കരയാർ മടിശീല കിലുക്കി ഒഴുകുമ്പോൾ തീരത്തെ വീട്ടിലിരുന്ന് ഒരു നാടൻപാട്ടിന്റെ ഈണം അറിയാതെ മൂളുന്നുണ്ട് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. അരനൂറ്റാണ്ടിന്റെ സിനിമാ പാട്ട് വഴികളിലൂടെ രാജസൂയം നയിച്ച ആ മനസിൽ ഇപ്പോഴും ലക്ഷാർച്ചന കണ്ട് മടങ്ങുന്ന ഒരു സുന്ദരിയുണ്ട്. പ്രണയം വറ്റാത്ത തൂലികയുമായി തൈക്കൂടത്തെ 'ലക്ഷാർച്ചന" എന്ന വീട്ടിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്ന കവി ഇരിക്കുന്നു. പാട്ടിന്റെ പത്മതീർത്ഥ കരയിൽ താലിപ്പൂവും പീലിപ്പൂവും വിടർത്തി എഴുതിക്കൊണ്ടേയിരിക്കുന്നു.
മങ്കൊമ്പ് അങ്ങനെയാണ്. അടുത്തു ചെന്നാലും കണ്ടാലും കവിയെന്ന് തോന്നില്ല. ആർക്കും അങ്ങനെയങ്ങ് പിടികൊടുക്കാത്ത ഭാവം. ഒരുപക്ഷേ സിനിമാവഴികളിലെ നന്ദികേടിന്റേയും ദയാരാഹിത്യത്തിന്റെയുമൊക്കെ ഭാഷ്യമായിരിക്കാം. ഏകാന്തതയിലെ ബാല്യം എഴുത്തുകാരനാക്കിയതിന്റെ വിഹ്വലതകളാകാം. എങ്കിലും നുങ്കംപാക്കത്തെ പ്രേമ ലോഡ്ജിൽ നിന്ന് തുടങ്ങിയ ആ ഗാനസപര്യ മലയാളികളെ പരിരംഭണം ചെയ്യാൻ തുടങ്ങിയിട്ട് അമ്പത് വർഷം പിന്നിടുന്നു. മലയാളികളുടെ മനസിൽ മധുമഴ പെയ്യിച്ച ഗാനശില്പങ്ങൾ മുതൽ മൊഴിമാറ്റ ചിത്രങ്ങളിലെ ഗാനങ്ങളുമൊക്കെയായി എഴുന്നൂറോളം പാട്ടുകളുടെ എഴുത്തുകാരൻ. സഹപ്രവർത്തകരായ എം.എസ്.വിശ്വനാഥനും ബാബുരാജും ദക്ഷിണാമൂർത്തിയും ദേവരാജനുമൊക്കെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും തെല്ല് നൊമ്പരത്തോടെയും അതിലേറെ വിസ്മയത്തോടെയും കാലാന്തരങ്ങൾ ഓർത്തെടുക്കുകയാണ് മങ്കൊമ്പ്. ഏഴാം വയസിലെ ആദ്യ കവിത മുതൽ എഴുപത്തിരണ്ടാം വയസിലെ 'ബാഹുബലി"യിലെ ഗാനസന്ദർഭങ്ങൾ വരെ സ്വരവ്യജ്ഞനങ്ങൾ തെറ്റാതെ ഓർമ്മക്കൂടയിൽ നിന്നും പുറത്തെടുക്കുന്നു...
റേഡിയോ സിലോണിൽ നാല് മണിക്ക് കേൾക്കുന്ന പതിവ് സമർപ്പണഗാനം. സ്വയംവര ശുഭദിന മംഗളങ്ങൾ. അനുമോദനത്തിന്റെ ആശംസകൾ. രചന മങ്കൊമ്പ് ഗോപാലകൃഷ്ണൻ. പാടിയത് ആശ ഭോസ്ലെ. സംഗീതം രവീന്ദ്ര ജെയിൻ. ആശാജി ഇന്ത്യയിലെ പ്രശസ്ത ഗായിക. ജെയിൻ ജന്മനാ അന്ധനായ ലോകപ്രശസ്ത സംഗീതജ്ഞൻ. അന്ന് അവരോടൊപ്പം പ്രവർത്തിച്ച അനുഭവം എങ്ങനെയായിരുന്നു?
അന്ന് എനിക്ക് 30 വയസ്. ബോംബെയിൽ എത്തിയാണ് സുജാതയെന്ന സിനിമയ്ക്കുവേണ്ടി ആ ഗാനം ചെയ്തത്. ആശാജിയൊക്കെ അന്ന് ഇന്ത്യയിലെ തന്നെ താരഗായിക. ഗൊരീ തേരാ ചെയ്ത് പ്രശസ്തനായ രവീന്ദ്ര ജെയിൻ. കാഴ്ചയില്ലെങ്കിലും സർഗധനനായ കവി. കവിത എഴുതി കൊടുത്താൽ കാണാതെ പഠിക്കും. പ്രണയിനി നീവരുന്ന കാലൊച്ച ഇളങ്കാറ്റിൽ പാദസരകിലുക്കത്താൽ ഞാൻ കേൾക്കുന്നു എന്നൊക്കെ സൃഷ്ടിച്ച ഭാവന. ആശാജി ആകട്ടെ മലയാളം കഷ്ടിച്ചു പഠിച്ചു. വിളക്കിന്റെ മിഴി പൊത്താൻ 'മരക്കരുതെ' എന്നൊക്കെ പാടി. എങ്കിലും പാട്ട് ഗംഭീരമായി. അവരൊക്കെയായുള്ള ബന്ധം അന്ന് തീർന്നതാണ്. ആ ഗാനസന്ദർഭം ഓർക്കുമ്പോൾ ഒരേസമയം ആഹ്ലാദവും നൊമ്പരവും തോന്നുന്നുണ്ട്.
വയലാർ എഴുതിത്തീർത്തത് 1300 ഗാനങ്ങൾ. ഏതാണ്ട് അതിന്റെ പകുതിയോളം മങ്കൊമ്പ് എഴുതി. വയലാറും, ഭാസ്കരൻമാഷും, ഒ.എൻ.വി യും, തമ്പിസാറുമൊക്കെ ഗരിമയോടെ നിന്ന ഒരു ലോകത്ത് മങ്കൊമ്പിന്റെ സ്ഥാനം ഇന്നു നോക്കുമ്പോൾ അവിശ്വസനീയമായി തോന്നിയിട്ടുണ്ടോ?
തീർത്തും അവിശ്വസനീയം. മദ്രാസ് ലിറ്റററി കോപ്പറേറ്റീവ് സൊസൈറ്റിയുടെ അന്വേഷണ മാസികയിൽ പ്രവർത്തിക്കാനാണ് ഞാൻ കോടമ്പാക്കത്തെത്തുന്നത്. കുറഞ്ഞൊരു പ്രായത്തിൽ ആ മഹാരഥൻമാരോടൊപ്പം ചേർന്നുനിർക്കാൻ കഴിഞ്ഞതാണ് ഭാഗ്യം. കാവ്യ ഭംഗിയാർന്ന രചനകളും ഹൃദയഹാരിയായ സംഗീതവും ഭാവദീപ്തമായ ആലാപനവും ചേർന്ന ഒരു നല്ലകാലം. കുതിപ്പുകളും കിതപ്പുകളുമെല്ലാം ഉണ്ടായിട്ടുണ്ട്. ആകുലതകളിൽ ആടിയുലഞ്ഞ കൗമാരമായിരുന്നു അന്ന്. അവരൊക്കെ എനിക്കഭയം തന്നു. എല്ലാം തരണം ചെയ്ത് ഈ ഘട്ടം വരെ എത്തിനിൽക്കുന്നു.
ചില പദപ്രയോഗങ്ങൾ. ഉദാഹരണം ത്രയംബകം വില്ലൊടിഞ്ഞു, രാജസൂയം കഴിഞ്ഞു, ഋതുശാന്തി മണ്ഡപം, ഇതൊക്കെ അന്ന് പ്രയോഗിക്കാൻ കാണിച്ച ധൈര്യമല്ലേ അങ്ങയെ വ്യത്യസ്തനാക്കിയത്?
വയലാറിനും ഭാസ്കരൻ മാഷിനുമൊപ്പം ശ്രദ്ധിക്കപ്പെടണമെന്നായിരുന്നു ആഗ്രഹം. അന്നേവരെ ചലച്ചിത്രഗാന ഭാഷയിലില്ലാത്ത ചില വാക്കുകൾ കൊരുത്തുവച്ചാൽ ശ്രദ്ധിക്കപ്പെടും എന്നായി. ത്രയംബകം വില്ലൊടിഞ്ഞു എന്നൊക്കെ പറഞ്ഞ് എഴുതിയാൽ അത് വായിക്കുന്ന സംഗീത സംവിധായകർ ചിലപ്പോൾ എതിർത്തേക്കാം. പക്ഷേ അങ്ങനെയൊന്നും ഉണ്ടായില്ല. ശങ്കർഗണേശും, എം.എസ്.വി.യും ഒന്നും എതിർത്തില്ല. മാറ്റാനും പറഞ്ഞില്ല. വലിയ അക്ഷരത്തിലെഴുതി നൽകണമെന്ന നിർബന്ധം മാത്രമേ എം.എസ്.വി.യ്ക്കുണ്ടായിരുന്നുള്ളൂ. ദേവരാജൻ മാഷ് ഒന്നും മാറ്റാൻ പറഞ്ഞിട്ടില്ല.
ഇതൊക്കെപ്പറഞ്ഞാലും ഏറ്റവും വലിയ ബ്രേക്ക് തന്നത് 'അയലത്തെ സുന്ദരി"യിലെ 'ലക്ഷാർച്ചന കണ്ട് മടങ്ങുമ്പോൾ..." എന്ന ഗാനം തന്നെയാണ്. ശങ്കർ ഗണേഷ് എന്ന വാദവിദ്വാന്മാരായിരുന്നു സംഗീതം. മലയാളം മനസിലാകാത്ത അവരോടൊപ്പമുള്ള ഗാനസൃഷ്ടിയുടെ സന്ദർഭം എങ്ങനെയായിരുന്നു?
ശങ്കറും ഗണേശും വലിയ ദൈവവിശ്വസികളാണ്. കവിയും കാവ്യവുമൊക്കെ പൂജനീയമായാണ് അവർ കാണുന്നത്. വരി എഴുതുമ്പോഴേ അവർ മൂളിക്കൊണ്ടുനടക്കും. പിന്നെ പാട്ടങ്ങ് പിറക്കുകയാണ്. മലയാളത്തിന്റെ ഹൃദയഹാരിയായ പ്രണയഗീതം പിറന്നത് അങ്ങനെ ശങ്കർ-ഗണേശിന്റെ വിരലുകളിലൂടെയാണ്. ട്യൂണിനനുസരിച്ച് എഴുതാമെന്നു കരുതിയാണ് ഞാൻ പോയത്. ട്യൂണിട്ടത് ശങ്കർ. വാദവിന്യാസം ഗണേശും. പശ്ചാത്തലത്തിൽ ഗിറ്റാർ വായിച്ച കറുത്തുമെലിഞ്ഞ ചെറുപ്പക്കാരനെ ഓർമ്മവരുന്നു. രാജയ്യ എന്നായിരുന്നു അയാളുടെ പേര്. പിൽക്കാലത്ത് ഇളയരാജയായി വളർന്ന അതേ രാജയ്യ.
ആദ്യഗാനം 'അഷ്ടമിപ്പൂത്തിങ്കളേ..." അതും സിരകളിൽ സംഗീതമുള്ള ദക്ഷിണമൂർത്തി സ്വാമിയുടെ സംഗീതം. എങ്ങനെയായിരുന്നു ആ അനുഭവം?
സിനിമയ്ക്ക് പാട്ടെഴുതാൻ അവസരം കിട്ടിയത് 1970ലാണ്. പാട്ടുകാരനാകാൻ അവസരംതേടി നാട്ടിൽനിന്നെത്തിയ ചന്ദ്രനും ഞാനും നുങ്കംപാക്കത്തെ പ്രേമാ ലോഡ്ജിൽ ഒരേ മുറിയിലാണ് താമസം. ചന്ദ്രന്റെ സുഹൃത്തായ മാത്യൂസ് നിർമ്മിച്ച് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'കൂട്ടുകാരി' എന്ന ചിത്രത്തിൽ എന്നെ ശുപാർശ ചെയ്തത് പ്രശസ്ത ഗായകൻ ഉദയഭാനുവിന്റെ സഹോദരൻ ചന്ദ്രമോഹനനാണ്. പാട്ടുമായി ഞാൻ സാന്തോമിലെ സ്വാമിയുടെ വീട്ടിൽ ചെന്നു. പാട്ടിന്റെ രംഗം ശാസ്ത്രീയ നൃത്തമായിരുന്നതുകൊണ്ട് രൂപഘടനയിൽ സ്വാമി ചില്ലറ മാറ്റങ്ങൾ വരുത്തി. ജതിസ്വരങ്ങളൊക്കെ ചേർത്തു. ഒടുവിൽ 'അഷ്ടമി പൂത്തിങ്കളേ, എൻ അനുരാഗ മലർതിങ്കളേ... " എന്ന പാട്ട് ദാസ് പാടിക്കേട്ടപ്പോൾ ഞാൻ വിസ്മയിച്ചുപോയി.
(അടുത്തയാഴ്ച തുടരും)