കൊല്ലം: കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹാദരി ആൻസിയെ കാണാതായെന്ന കേസിൽ വമ്പൻ ട്വിസ്റ്റ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ, റംസിക്ക് നീതി കിട്ടണമെന്ന ആവശ്യമുയർത്തി രൂപീകരിച്ച ജസ്റ്റിസ് ഫോർ റംസി എന്ന കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയ യുവാവിനൊപ്പം ആൻസിയെ കണ്ടെത്തുകയായിരുന്നു. ആൻസിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക വഴിത്തിരിവുണ്ടായത്.
ജനുവരി 18നായിരുന്നു ഭാര്യയെ കാണാനില്ലെന്ന് ആൻസിയുടെ ഭർത്താവ് പൊലീസിന് പരാതിനൽകിയത്. ഉടൻതന്നെ അന്വേഷണമാരംഭിച്ചു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവിനൊപ്പം ആൻസിയെ കണ്ടെത്തുകയായിരുന്നു. പത്തുമാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചായിരുന്നു ആൻസി യുവാവിനൊപ്പം പോയത്. മൂവാറ്റുപുഴയിൽ നിന്നാണ് പൊലീസ് ഇരുവരെയും കണ്ടെത്തിയത്.
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ടൗണിൽനിന്ന് കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബംഗളുരുവിലേക്ക് കടക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായും അതിനുള്ള പണം സംഘടിപ്പിക്കാൻ മൂവാറ്റുപുഴയിലെ സുഹൃത്തിനെ കാണാനെത്തിയതാണെന്നും പൊലീസ് പറയുന്നു. ആൻസിക്കൊപ്പമുണ്ടായിരുന്ന യുവാവിനെതിരെ സമൂഹമാദ്ധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിന് നേരത്തേ കേസെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
പ്രതിശ്രുത വരനായ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്തത്.വരന്റെ സഹോദരഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദിന്റെ നടപടികളാണ് റംസിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റംസിയുടെ കുടുംബം ആരോപിക്കുന്നത്. റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളിലും മറ്റും സജീവമായിരുന്നു ആൻസി. ഇതിനിടെയാണ് യുവാവുമായി അടുപ്പത്തിലായത്.