തിരുവനന്തപുരം: രാജ്യത്തെ പാർലമെന്ററി ചരിത്രത്തിൽ ആദ്യമായി, ഭരണഘടനാ സ്ഥാപനമായ കംപ്ട്രോളർ ആൻഡ് ആഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ടിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ. കിഫ്ബിയുടെ മസാലാബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന വിവാദ പരാമർശമടങ്ങിയ മൂന്നു പേജുകൾ, മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിലൂടെ സഭ നിരാകരിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനൊടുവിൽ ശബ്ദവോട്ടോടെ സി.എ.ജിയെ തള്ളുന്ന പ്രമേയം പാസാക്കുകയായിരുന്നു. ബി.ജെ.പി അംഗവും പ്രമേയത്തെ എതിർത്തു.
കരടിലില്ലാത്ത ചില ഭാഗങ്ങൾ അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതിലൂടെ, ബാധിക്കപ്പെടുന്ന വകുപ്പിന്റെ ഭാഗം കേൾക്കാതെ സി.എ.ജി സ്വാഭാവിക നീതി ലംഘിച്ചെന്നും ഇതിലൂടെ റിപ്പോർട്ടിന്റെ അടിത്തറ ഇളകിയെന്നും പ്രമേയത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തെറ്റായ കീഴ്വഴക്കം അംഗീകരിച്ചാൽ എക്സിക്യൂട്ടീവും ലജിസ്ലേച്ചറും തമ്മിലുള്ള പരസ്പര ഉത്തരവാദിത്വം (checks and balances) അട്ടിമറിക്കപ്പെടും. ഇതിന് കൂട്ടുനിന്നെന്ന അപഖ്യാതി ഉണ്ടാകാൻ പാടില്ലെന്ന് നിർബന്ധമുള്ളതിനാലാണ് പ്രമേയം കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സി.എ.ജി റിപ്പോർട്ടിലെ 41മുതൽ 43വരെയുള്ള പേജുകൾ ഒഴിവാക്കി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് (പി.എ.സി) കൈമാറാനുള്ള തീരുമാനം ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചുള്ളതാണെന്നും ഇത് അനുവദിക്കരുതെന്നും പി.എ.സി ചെയർമാൻ കൂടിയായ വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ഗവർണറുടെ അനുമതിയോടെ സഭയിൽ വച്ച, കിഫിബിക്കെതിരായ പരാമർശം ഉൾപ്പെട്ട റിപ്പോർട്ടേ പി.എ.സി പരിഗണിക്കൂ. പാർലമെന്റിൽ മോദി സർക്കാർ പോലും ചെയ്യാത്തത് സ്വേച്ഛാധിപതിയായ പിണറായി വിജയൻ ചെയ്യുകയാണ്.
ഭരണഘടനയ്ക്ക് മേലെ ഒരു പരുന്തും പറക്കില്ലെന്നും സതീശൻ പറഞ്ഞു.
നിയമസഭയെക്കാൾ വലുതല്ല പി.എ.സിയെന്ന് ധനമന്ത്രി തോമസ് ഐസക് മറുപടി നൽകി. കിഫ്ബിക്കെതിരായ ഭാഗങ്ങൾ ഒഴിവാക്കിയ ശേഷമുള്ള റിപ്പോർട്ട് പരിഗണിക്കട്ടെയെന്ന് ആദ്യം പറഞ്ഞ സ്പീക്കർ, പ്രതിപക്ഷം എതിർത്തതോടെ പരിശോധിച്ച് പറയാമെന്ന് തിരുത്തി.
"സി.എ.ജി ഓഡിറ്റ് നടത്തുമ്പോൾ കരട് റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പിന് നൽകി അഭിപ്രായം തേടാറുണ്ട്. ഇതുകൂടി പരിഗണിച്ചാവും അന്തിമ റിപ്പോർട്ട്. കാലങ്ങളായുള്ള നടപടിക്രമങ്ങൾ ബോധപൂർവം സി.എ.ജി മറികടന്നു.
പിണറായി വിജയൻ, മുഖ്യമന്ത്രി
"അഴിമതിയും ക്രമക്കേടുകളും മറച്ചുവയ്ക്കാനുമാണ് ശ്രമം. നിയമപരമായ നടപടികളുള്ളപ്പോൾ 'ഐ ആം ദ സ്റ്റേറ്റ്' എന്ന രീതി എ.കെ.ജി സെന്ററിൽ നടക്കുന്ന പാർട്ടി യോഗങ്ങളിൽ മതി.
-രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്
"മുതിർന്ന അഭിഭാഷകൻ എഫ്.എസ്.നരിമാന്റെ അഭിപ്രായം തേടിയ ശേഷമാണ് പ്രമേയം കൊണ്ടുവന്നത്. നിയമപരമായും നേരിടും. വിമർശിക്കപ്പെടാതിരിക്കാൻ സി.എ.ജി കോടതിയല്ല.
-തോമസ് ഐസക്, ധനമന്ത്രി
"സി.എ.ജിക്കെതിരായ സർക്കാർ നിലപാട് പ്രതിഷേധാർഹം"
- ഒ.രാജഗോപാൽ, ബി.ജെ.പി
സർക്കാർ നിരാകരിക്കുന്ന പ്രസക്ത ഭാഗങ്ങൾ
മസാല ബോണ്ടു വഴിയുള്ള വിദേശ കടമെടുപ്പുകളുടെ മൊത്തം തിരിച്ചടവും സർക്കാരിന്റെ തനത് റവന്യു വിഭവങ്ങൾ വഴിയായതിനാൽ ഇവ ഭരണഘടനാവ്യവസ്ഥകളുടെ ലംഘനവും കേന്ദ്രത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റവുമായി കാണാം
സംസ്ഥാന സർക്കാരിന് കിഫ്ബി വഴി വിദേശ കടമെടുപ്പിന് അവസരം നൽകിയതിനാൽ കിഫ്ബിക്ക് മസാലബോണ്ടുകളിറക്കാൻ ആർ.ബി.ഐ നൽകിയ അനുമതിയും ചോദ്യം ചെയ്യപ്പെടാവുന്നത്
ഈ മാതൃക മറ്റ് സംസ്ഥാനങ്ങളും തുടരുന്ന പക്ഷം ഇത്തരം ബാദ്ധ്യതകൾ സൃഷ്ടിക്കപ്പെടുന്നത് കേന്ദ്രത്തിന്റെ അറിവിൽപ്പെടാതെ തന്നെ രാജ്യത്തിന്റെ ബാഹ്യമായ ബാദ്ധ്യതകൾ ഗണ്യമായി വർദ്ധിക്കാനിടയാക്കും
ഇവ ഓഫ് ബഡ്ജറ്റ് കടമെടുപ്പുകളാണെങ്കിലും സംസ്ഥാന സർക്കാരിന് മേൽ സൃഷ്ടിക്കപ്പെടുന്ന ബാദ്ധ്യത യഥാർത്ഥവും പൂർണവുമാണ്. കടമെടുപ്പ് ആകസ്മിക ബാദ്ധ്യതകളാണെന്ന നിലപാട് ആശ്ചര്യകരം
വരുമാനസ്രോതസ്സില്ലാത്ത ഏതെങ്കിലും സംസ്ഥാനം പണം കടമെടുക്കുകയും സർക്കാരിന്റെ തനത് വിഭവങ്ങളുടെ പങ്ക് മാറ്റിവച്ച് തിരിച്ചടവ് നടത്തുകയും ചെയ്താൽ അതുകൊണ്ടുതന്നെ ഇത്തരം കടമെടുപ്പുകൾ ആകസ്മിക ബാദ്ധ്യതയല്ലാതാവും
ഇത് ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 293ന് കീഴിൽ സർക്കാരിന്റെ കടമെടുപ്പിന് നിശ്ചയിച്ച പരിധി ബൈപ്പാസ് ചെയ്യുന്നതും പട്ടിക ഒന്നിലെ 37-ാം എൻട്രിയുടെ വ്യവസ്ഥകൾ ലംഘിക്കുന്നതും
ബഡ്ജറ്റിൽ വെളിപ്പെടുത്താതെ ഇത്തരം ബാദ്ധ്യതകൾ സൃഷ്ടിക്കുന്നത് സുതാര്യതയിൽ സംശയം ജനിപ്പിക്കുന്നു