ന്യൂഡൽഹി: വാക്സിൻ വിതരണത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വാക്സിൻ പുറത്തിറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത് ശാസ്ത്രഞ്ജന്മാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തന്റെ തിരഞ്ഞെടുപ്പ് മണ്ഡലമായ ഉത്തർപ്രദേശിലെ വാരണാസിയിലെ ആരോഗ്യപ്രവർത്തകരോട് ടെലിവിഷൻ വഴി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. വാക്സിൻ സംബന്ധിച്ച് നിലനിൽക്കുന്ന ആശങ്കകൾ അകറ്റാനും അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ശ്രമിച്ചു.
രാഷ്ട്രീയക്കാർ 'അതുമിതും' പറയുമെന്നും എന്നാൽ താൻ ശാസ്ത്രജ്ഞന്മാരുടെ നിർദേശമനുസരിച്ചാണ് നീങ്ങിയതെന്നും മോദി പറഞ്ഞു. ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്ന് പുറത്തിറക്കിയ 'കൊവാക്സിനു'മായി ബന്ധപ്പെട്ട ആശങ്കകളെക്കുറിച്ച് വ്യംഗ്യമായി സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.
'വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിന് പിന്നിൽ ശാസ്ത്രജ്ഞന്മാരുടെ കഠിനപ്രയത്നമാണുള്ളത്. അതിനായി വലിയൊരു ശാസ്ത്രീയ പ്രക്രിയയും ആവശ്യമാണ്. രാഷ്ട്രീയക്കാർ പറയുന്ന കാര്യങ്ങൾക്ക് ഞാൻ ഒരൊറ്റ ഉത്തരമാണ് നൽകിയത്. ശാസ്ത്രജ്ഞർ പറയുന്നത് പോലെ മാത്രമേ ഞാൻ നീങ്ങുകയുള്ളൂ എന്നതായിരുന്നു അത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ജോലി രാഷ്ട്രീയക്കാരുടേതല്ല'-മോദി പറഞ്ഞു.
ശാസ്ത്രജ്ഞരുടെ ഭാഗത്തുനിന്നും മുന്നോട്ട് പോകാമെന്നുള്ള തീരുമാനം വന്നപ്പോൾ എവിടെ തുടങ്ങണമെന്നതായിരുന്നു ആലോചിക്കാനുണ്ടായിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒടുവിൽ രോഗികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന ആരോഗ്യപ്രവർത്തകർക്ക് തന്നെ വാക്സിൻ നൽകിതുടങ്ങാൻ തീരുമാനിച്ചു. ചിലർ തന്റെ ഈ തീരുമാനത്തോട് അമർഷമാണ് കാട്ടിയത്. അദ്ദേഹം പറയുന്നു.
'ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും വാക്സിന് ക്ളീൻചിറ്റ് നൽകുമ്പോൾ അത് വാക്സിന്റെ ഗുണമേന്മയെ കുറിച്ച് രാജ്യത്തെ ജനങ്ങൾക്ക് ശക്തമായ സന്ദേശമാണ് നൽകുന്നത്. ഏത് വാക്സിനും പിന്നിൽ ശാസ്ത്രജ്ഞന്മാരുടെ വലിയ തോതിലുള്ള കഷ്ടപ്പാടുണ്ട്. നിങ്ങൾ ഓർക്കുന്നുണ്ടാകും. മുൻപ്, എന്തുകൊണ്ടാണ് വാക്സിൻ വേഗത്തിൽ പുറത്തിറക്കാത്തത് എന്ന സമ്മർദ്ദമായിരുന്നു എനിക്ക് മേൽ ഉണ്ടായിരുന്നത്.'-മോദി പറഞ്ഞു.
നമ്മുടെ സ്വന്തം 'മെയ്ഡ് ഇൻ ഇന്ത്യ' വാക്സിൻ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തുകയാണെന്നും മോദി അഭിപ്രായപ്പെട്ടു. വാക്സിൻ മേഖലയിൽ നാം 'ആത്മനിർഭരത' കൈവരിക്കുക മാത്രമല്ല ചെയ്തിട്ടുള്ളതെന്നും മറ്റ് രാജ്യങ്ങളെയും ഇന്ത്യ ഇപ്പോൾ സഹായിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തുടർന്ന് വാരണാസിയിലെ നിരവധി ആരോഗ്യപ്രവർത്തകരുമായി അദ്ദേഹം സംസാരിക്കുകയും വാക്സിനെക്കുറിച്ചുള്ള അഭിപ്രായം ആരായുകയും ചെയ്തു.