തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി, കെട്ടിട രജിസ്ട്രേഷന് അധിക നികുതി ഏർപ്പെടുത്താൻ സർക്കാർ തലത്തിൽ തീരുമാനമായി. ലക്ഷം രൂപയിലേറെ വിലയുളള ഭൂമി, കെട്ടിട രജിസ്ട്രേഷൻ ഇടപാടുകൾക്കാണ് നികുതി ഉയർത്തുന്നത്. രണ്ട് ശതമാനം അധിക നികുതിയാണ് ഇതിനായി ഏർപ്പെടുത്തുന്നത്. സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാർശയനുസരിച്ചാണ് സർക്കാർ നടപടി.
നിലവിൽ ഭൂമി ഇടപാടുകൾക്ക് എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസുമാണ് ഈടാക്കുന്നത്. പുതിയ നികുതി കൂടി വരുന്നതോടെ രജിസ്ട്രേഷൻ ചിലവ് ഭൂമി/കെട്ടിട ന്യായവിലയുടെ 12 ശതമാനമായി ഉയരും.
25,000 രൂപയോ അതിൽ കൂടുതലോ വിലയുളള ഭൂമിയുടെയോ കെട്ടിടങ്ങളുടെയോ രജിസ്ട്രേഷൻ വിലയുടെ ഒരു ശതമാനം നികുതിയായി ശേഖരിച്ച് ജില്ലാ പഞ്ചായത്തുകൾക്കു കൈമാറാമെന്നായിരുന്നു മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് അദ്ധ്യക്ഷനായ കമ്മിഷന്റെ ശുപാർശ. എന്നാൽ, ഇത് ഒരു ലക്ഷം രൂപയിലേറെയുളള ഇടപാടുകൾക്ക് രണ്ട് ശതമാനം എന്ന തരത്തിൽ മാറ്റം വരുത്താനായിരുന്നു സർക്കാർ തീരുമാനിച്ചത്. തുക രജിസ്ട്രേഷൻ വകുപ്പ് പിരിച്ചെടുത്ത് അതതു ജില്ലാ പഞ്ചായത്തുകൾക്ക് കൈമാറണമെന്നാണ് ധനവകുപ്പ് തീരുമാനം.