തിരുവനന്തപുരം: നേമം മണ്ഡലം ബി ജെ പിയുടെ ഗുജറാത്ത് ആണെന്ന പ്രസ്താവനയുമായി കുമ്മനം രാജശേഖരൻ. പാർട്ടിക്ക് നേമത്ത് വെല്ലുവിളിയില്ലെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. പാർട്ടി ഇതു സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി.
നേമത്തെക്കുറിച്ച് മറ്റൊന്നും പറയാനില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പും അതിനു ശേഷം വന്ന ലോക്സഭാ തിരഞ്ഞെടുപ്പും ഇപ്പോൾ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും പരിശോധിക്കുമ്പോൾ നേമം ബി ജെ പിയെ കൈവിട്ടിട്ടില്ല. ബി ജെ പിക്ക് നേമത്ത് യാതൊരു വെല്ലുവിളിയുമില്ലെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
രാഷ്ട്രീയത്തിന് അപ്പുറം സാംസ്കാരിക, ധാർമ്മിക പ്രവർത്തനങ്ങളിൽ ഇടപെടുന്നയാളാണ് താൻ. പല സ്ഥലങ്ങളിൽ കെട്ടിടം നോക്കിയെന്നും ഒടുവിൽ വീട് കിട്ടിയത് ശാസ്ത്രി നഗറിലാണെന്നും അത് നേമം മണ്ഡലത്തിലായി പോയി എന്നേയുളളൂവെന്നും പുതിയ വീടിനെക്കുറിച്ചുളള ചോദ്യത്തിന് മറുപടിയായി കുമ്മനം വ്യക്തമാക്കി. നേമത്ത് വീട് എടുത്തതുകൊണ്ട് എല്ലാവരും നേമം മണ്ഡലത്തിൽ താൻ മത്സരിക്കാനായി ഓഫീസ് തുറന്നു എന്ന അർത്ഥത്തിലാണ് സംസാരിക്കുന്നതെന്നും കുമ്മനം വിശദീകരിച്ചു.
അതേസമയം, കുമ്മനത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഗുജറാത്തുമായി നേമത്തിനെ താരതമ്യപ്പെടുത്തേണ്ടായിരുന്നുവെന്നും അത് നേമത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. നേമം ഇത്തവണ പിടിച്ചെടുക്കും. അതിനുളള എല്ലാ പ്രവർത്തനങ്ങളും കോൺഗ്രസ് നടത്തുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.