മോഹൻലാലിന്റെ ഗുരു എന്ന സിനിമ റിലീസായിട്ട് ഇരുപത് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴും ആ ചിത്രം ആരാധകരുടെ ഓർമയിലുണ്ട്. മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഗുരു. സുരേഷ് ഗോപിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ സിനിമാ ചിത്രീകരണ വേളയിൽ സുരേഷ് ഗോപിയുടെ കോസ്റ്റ്യൂം മോഹൻലാൽ ധരിച്ചതിനെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനറായ എസ് ബി സതീശൻ.
'ഗുരുവിൽ ലാലേട്ടൻ സുരേഷേട്ടന്റെ കോസ്റ്റ്യൂം ഇട്ടിട്ടുള്ള ഒരു സ്റ്റിൽ എൻറെ കയ്യിൽ ഉണ്ട്.അന്ന് ആ കോസ്റ്റ്യൂം കണ്ടപ്പോൾ സുരേഷേട്ടൻ ചോദിച്ചു അയ്യോ ഇതെങ്ങനെ ഇടാൻ പറ്റുന്നൊക്കെ.ആരാണെങ്കിലും ചോദിച്ചുപോകും. പുൽപ്പായയുടെ ഒരു കയറുണ്ട്. അത് നമ്മൾ ആണിയടിച്ച് സുരേഷേട്ടന്റെ അളവനുസരിച്ച് എത്രയോ ദിവസമിരുന്നിട്ട് ഉണ്ടാക്കിയെടുത്ത പടച്ചട്ടയൊക്കെയാണ്. ഭയങ്കര വെയ്റ്റാണ്. ഇന്നത്തെ ഒരു രീതി അനുസരിച്ച് ഒരു ആർട്ടിസ്റ്റും അത് ഇടാൻ തയ്യാറാകില്ല.
സുരേഷേട്ടനും വെയ്റ്റ് കുറയ്ക്കാൻ അവശ്യപ്പെട്ടു.പറ്റില്ലെന്ന് ഞാൻ പറഞ്ഞു.ഇതൊക്കെ അതിന്റെ നാച്ചുറാലിറ്റിയാണ് സുരേഷേ അങ്ങനെ ഇരുന്നാലേ പറ്റൂ എന്ന് രാജിവേട്ടനും പറഞ്ഞു. പക്ഷേ ഇത് കണ്ടോണ്ടിരിക്കുന്ന ലാലേട്ടൻ മേക്കപ്പ് റൂമിൽ നിന്ന് എഴുന്നേറ്റ് വന്നിട്ട് എനിക്കിതൊന്ന് ഇടാൻ തരുമോ, ഫോട്ടോ എടുത്തിട്ട് തരാമെന്ന് പറഞ്ഞു. അങ്ങനെ ലാലേട്ടൻ ആ കോസ്റ്റ്യൂമിട്ടു. ആ ലൊക്കേഷനിലെ സകലത്ര പേരും അദ്ദേഹത്തോടൊപ്പം ഫോട്ടോയെടുത്തു. ചിത്രങ്ങൾ കണ്ട് പലരും ലാലേട്ടൻ സിനിമയിൽ ഈ വേഷത്തിലെത്തുന്നില്ലല്ലോ എന്ന് ചോദിച്ചിരുന്നു.ഷൂട്ട് കഴിഞ്ഞ് സ്റ്റിൽ കണ്ടപ്പോൾ സുരേഷേട്ടനും ഇഷ്ടമായി. കോസ്റ്റ്യൂമിലെത്ര പേരുണ്ടെന്ന് ചോദിച്ച് എന്റെ കയ്യിൽ അദ്ദേഹം പൈസ തന്നു'- സതീശൻ പറഞ്ഞു.