പൂനെ: തിളച്ച മണൽ സ്വർണമായി മാറുന്ന മാജിക് സാന്റാണെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയെ പറ്റിച്ച് 50 ലക്ഷം തട്ടിയെടുത്തു. പൂനെയിലെ ഹദാസ്പൂരിലെ ജ്വല്ലറി ഉടമയ്ക്കാണ് ഇങ്ങനെ അമളി പറ്റിയത്. ഒരു വർഷം മുൻപ് ജ്വല്ലറിയിലെത്തിയ തട്ടിപ്പുവീരൻ വളരെ വേഗം തന്റെ കുടുംബ സുഹൃത്തായി മാറി. ഈ സൗഹൃദം മുതലാക്കി ഇടയ്ക്കിടെ കണ്ടുമുട്ടിയപ്പോൾ ഇയാൾ മണൽ നൽകി തട്ടിപ്പ് നടത്തിയെന്നും ജ്വല്ലറി ഉടമ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ചാക്കുകളിലായി നാല് കിലോ മണൽ നൽകിയ തട്ടിപ്പുവീരൻ തന്റെ കൈയിലുളളത് ബംഗാളിൽ നിന്നുളള വിശിഷ്ടമായ മണലാണെന്നും ഇത് ചൂടാക്കിയാൽ സ്വർണത്തരികളാകുമെന്നും സ്വർണക്കടയുടമയെ വിശ്വസിപ്പിച്ചു. ഈ മണൽ എത്തിക്കുന്നതിന് ഫീസായി അൻപത് ലക്ഷം രൂപയും ഇയാൾ വാങ്ങി. 30 ലക്ഷം രൂപ പണമായും 20 ലക്ഷം സ്വർണമായുമാണ് വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു.
മണൽ തീയിലിട്ടപ്പോഴാണ് താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് സ്വർണക്കക്കട ഉടമയ്ക്ക് മനസിലായത്. ഉടൻ പൊലീസിൽ പരാതിപ്പെട്ടു. സംഭവത്തിൽ പ്രതിയ്ക്കെതിരെ വിശ്വാസവഞ്ചനയ്ക്കും തട്ടിപ്പിനും കേസെടുത്തതായും പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.