തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകരെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ പി സി സിയിൽ ഹൈക്കമാൻഡ് പ്രതിനിധികൾ പങ്കെടുത്ത ഭാരവാഹി യോഗത്തിലായിരുന്നു ചെന്നിത്തലയുടെ വിമർശനം. താഴേത്തട്ടിൽ പാർട്ടിയുടെ പ്രവർത്തനം മോശമാണ്. പ്രവർത്തനം താഴെത്തട്ടിൽ സജീവമായില്ലെങ്കിൽ തിരിച്ചടിയുണ്ടാകും. സ്വന്തം പ്രദേശത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്ക് അറിയില്ലെന്നും ചെന്നിത്തല വിമർശിച്ചു.
തിരഞ്ഞെടുപ്പിലെ വിജയ സാദ്ധ്യത മാത്രമാകണം സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡമെന്ന് കെ സി വേണുഗോപാൽ മേൽനോട്ട സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അതീവ നിർണായകമെന്ന് വ്യക്തമാക്കിയ ഹൈക്കമാൻഡ് നിരീക്ഷകർ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റി വയ്ക്കാൻ സംസ്ഥാന നേതാക്കൾ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി കോൺഗ്രസ് മുന്നോട്ട് പോകണം. തനിക്ക് വ്യക്തി താത്പര്യങ്ങൾ ഇല്ലാത്തതുകൊണ്ട് ഇക്കാര്യം തുറന്ന് പറയുകയാണെന്നും ചിലപ്പോൾ മറ്റുളളവർ താത്പര്യങ്ങൾ കൊണ്ട് അത് തുറന്ന് പറഞ്ഞെന്ന് വരില്ലെന്നും കെ സി വേണുഗോപാൽ യോഗത്തിൽ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരുക്കങ്ങൾ ചർച്ച ചെയ്യാനാണ് കോൺഗ്രിസിന്റെ നിർണായക യോഗങ്ങൾ തിരുവനന്തപുരത്ത് ചേരുന്നത്. സീറ്റ് വിഭജനം വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യം ഘടകകക്ഷികൾ കൂടി മുന്നോട്ട് വച്ച സാഹചര്യത്തിൽ കൂടിയാണ് യോഗം വിളിച്ചുചേർത്തത്.