റാഞ്ചി: ബിഹാർ മുൻമുഖ്യമന്ത്രിയും മുൻകേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം. ന്യുമോണിയ ബാധിച്ച ലാലു പ്രസാദ് യാദവിന്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിലായെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. നിലവിൽ ഡൽഹിയിലെ രാജേന്ദ്രപ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലുളള ലാലുവിനെ ഉടൻ എയിംസിലേക്ക് മാറ്റും.
ഇന്നലെ രാത്രി അദ്ദേഹത്തെ ആർ ജെ ഡി അദ്ധ്യക്ഷനും മകനുമായ തേജസ്വി യാദവ്, ഭാര്യ റാബ്റി ദേവി, മറ്റ് മക്കളായ തേജ് പ്രതാപ് യാദവ്, മിസാ ഭാരതി എന്നിവർ സന്ദർശിച്ചിരുന്നു. പിതാവിന്റെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തിന് കൂടുതൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നും തേജ് പ്രതാപ് സന്ദർശനത്തിന് ശേഷം ഡോക്ടർമാരോട് ആവശ്യപ്പെട്ടിരുന്നു.
വിദഗ്ദ്ധ ചികിത്സ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിനെ കാണുമെന്നും തേജസ്വി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന് പ്രമേഹം വല്ലാതെ വർദ്ധിച്ചിട്ടുണ്ട്, വൃക്കകളുടെ പ്രവർത്തനവും മന്ദഗതിയിലാണ്. ഇതു കൂടാതെ ന്യുമോണിയയും സ്ഥിരീകരിച്ചിരിക്കുന്നുവെന്നാണ് മാദ്ധ്യമങ്ങളോട് തേജസ്വി യാദവ് പറഞ്ഞത്.