കുഞ്ഞുന്നാളിലെ ഓർമകളിൽ നിറഞ്ഞുനിൽപ്പുണ്ടാകും പൂമ്പാറ്റകളും പൂക്കളുമൊക്കെ. എന്നാൽ, ഇന്ന് പഴയപോലെ പൂമ്പാറ്റകളെയൊന്നും കാണാൻ കിട്ടുന്നില്ലയെന്നതാണ് പലരുടെയും പരാതി. അവർക്ക് തെന്മലയിലേക്ക് ഒന്ന് പോയി വരാവുന്നതേയുള്ളൂ. പൂമ്പാറ്റകൾക്കുവേണ്ടിയുള്ള ഉദ്യാനമാണ് തെന്മല ബട്ടർ ഫ്ളൈ പാർക്ക്. അതാണ് ഏറ്റവും വലിയ ആകർഷണം. കേരളത്തിൽ കാണപ്പെടുന്ന 300ൽ പരം ശലഭങ്ങളിൽ ഏതാണ്ട് 120 ഓളം ശലഭങ്ങൾ തെന്മലയിലെ ശലഭ പാർക്കിൽ കാണാം. വെയിലുറയ്ക്കും മുമ്പാണ് ഇവയെ കാണാൻ പറ്റിയ സമയം. ഇവയ്ക്ക് വിരുന്നെത്താനായി മനോഹരമായ പൂന്തോട്ടവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അരിപ്പൂ മുതൽ ഓർക്കിഡ് പുഷ്പങ്ങൾ നിറഞ്ഞു നിൽപ്പുണ്ട്.
യാത്രികർക്ക് സാഹസപ്രകടങ്ങൾക്ക് നടത്താനുള്ള അവസരവും തെന്മലയിലുണ്ട്. നേച്ചർ ട്രെയിൻ, താമരക്കുളം, മൗണ്ടൻ ബൈക്കിംഗ്, റോക്ക് ക്ളൈബിംഗ്, റാപ്പലിംഗ്, റിവർ ക്രോസിംഗ് ലംഗ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു. നക്ഷത്രവനമാണ് മറ്റൊരു കേന്ദ്രം. ശലഭ ഉദ്യാനത്തോടു ചേർന്നു തന്നെയാണ് നക്ഷത്ര വനവും. ഇവിടെ 27 നക്ഷത്രങ്ങളുമായും ബന്ധപ്പെട്ട വൃക്ഷങ്ങളെ പരിപാലിച്ചു പോരുന്നു. ഓരോ വൃക്ഷവും ഏതേത് നക്ഷത്രവുമായി ബന്ധപ്പെട്ടു കിടക്കുകയാണെന്നും അവയെക്കുറിച്ചുള്ള കുറിപ്പും വായിക്കാം. ഒരാളുടെ ആരോഗ്യവും ഐശ്വര്യവും ജീവിതവുമെല്ലാം നിർണ്ണയിക്കുന്നതിൽ ഈ മരങ്ങൾക്ക് പ്രധാനകഴിവുണ്ടന്നു വിശ്വസിക്കുന്നു.
ശലഭ ഉദ്യാനത്തിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരെയാണ് മാൻ പുനരധിവാസ കേന്ദ്രം. വിശ്രമത്തിനായി ഏറുമാടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. പരപ്പാർ തടാകത്തിലൂടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള യാത്രയാണിത്. ആനകളും മാനുകളുമടക്കമുള്ള വന്യമൃഗങ്ങളെ യാത്രയ്ക്കിടയിൽ കാണാനാകും.
എത്തിച്ചേരാൻ :
കൊല്ലം ജില്ലയിലാണ് തെന്മല സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 72 കിലോമീറ്ററും, കൊല്ലത്ത് നിന്ന് അറുപത്താറ് കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.