കൊൽക്കത്ത: രാജ്യത്ത് നാല് തലസ്ഥാനങ്ങൾ വേണമെന്ന ആവശ്യവുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. പലഭാഗങ്ങളിലായി നാല് തലസ്ഥാനങ്ങൾ ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് താൻ കരുതുന്നതായും മമത പറഞ്ഞു. കൊൽക്കത്തയിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.
കൊൽക്കത്തയിൽ ഇരുന്നാണ് ഇംഗ്ലീഷുകാർ രാജ്യം മുഴുവൻ ഭരിച്ചതെന്ന് ഓർമ്മിപ്പിച്ച മമത എന്തുകൊണ്ടാണ് രാജ്യത്ത് ഒരു തലസ്ഥാന നഗരം മാത്രം ഉണ്ടായതെന്നും ആരാഞ്ഞു. വടക്ക്, തെക്ക്, കിഴക്ക്, പശ്ചിമം എന്നിങ്ങനെ ഇന്ത്യയിൽ ഓരോ നഗരങ്ങളെയും തലസ്ഥാനങ്ങളാക്കണം. ഈ നാല് ദേശീയ തലസ്ഥാനങ്ങളിൽ മാറി മാറി പ്രവർത്തിക്കാൻ കഴിയുന്ന രീതി വരണമെന്നും മമത ആവശ്യപ്പെട്ടു.
എന്തുകൊണ്ട് എല്ലാം ഡൽഹി മാത്രമായി പരിമിതപ്പെടുത്തുന്നുവെന്നായിരുന്നു മമതയുടെ ചോദ്യം. പാർലമെന്റിൽ നാല് ദേശീയ തലസ്ഥാനം എന്ന ആവശ്യം ഉന്നയിക്കാൻ തന്റെ പാർലമെന്റ് അംഗങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. നമ്മുടെ ചിന്താഗതിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും മമത പറഞ്ഞു.
ഇത്രയും കാലം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം മറന്ന കേന്ദ്രസർക്കാർ ഇപ്പോൾ ആഘോഷം നടത്തുന്നതിന് പിന്നിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നും മമത ആരോപിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി കൊൽക്കത്തയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് മമതയുടെ പരാമർശം.