ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ ടോക് ഷോ അവതാരകൻ ലാരി കിംഗ് അന്തരിച്ചു. 87 വയസായിരുന്നു. 'ഓറാ മീഡിയ'യാണ് മരണവിവരം അറിയിച്ചത്. ഏറെ നാളുകളായി കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി നിരവധി ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.
റേഡിയോയിലും ടെലിവിഷനിലും നിരവധി പേരുകേട്ട വ്യക്തിത്വങ്ങളെ ഇന്റർവ്യൂ ചെയ്തിട്ടുള്ള ലാരിക്ക് അമേരിക്കൻ ജനതയ്ക്കിടയിൽ കാര്യമായ സ്വാധീനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അതിപ്രശസ്തമായ 'ലാരി കിംഗ് ലൈവ്' എന്ന പരിപാടി നീണ്ട 25 വർഷമാണ് അമേരിക്കൻ വാർത്താ ചാനലായ സിഎൻഎൻ പ്രക്ഷേപണം ചെയ്തത്.
— Larry King (@kingsthings) January 23, 2021
ചാനലിന്റെ ഏറ്റവും പ്രചാരമുള്ള പരിപാടിയും ഇതുതന്നെയായിരുന്നു. ഒരു മണിക്കൂർ നീണ്ട പരിപാടിക്ക് 10 ലക്ഷത്തിലധികം പ്രേക്ഷകരാണ് ഉണ്ടായിരുന്നത്.
ലാരിയുടെ ട്രേഡ്മാർക്ക് വേഷവിധാനങ്ങളായിരുന്ന സസ്പെൻഡേർസും കറുത്ത കണ്ണടയും ഒപ്പം അദ്ദേഹത്തിന്റെ ഗാംഭീര്യമുള്ള ശബ്ദവും അമേരിക്കക്കാർക്കിടയിൽ ഏറെ പ്രശസ്തി നേടിയിരുന്നു. റേഡിയോയിൽ നിന്നുമാണ് 63 വർഷങ്ങൾ നീണ്ട മാദ്ധ്യമപ്രവർത്തകനായുള്ള തന്റെ ജീവിതം 'മാസ്റ്റർ ഇന്റർവ്യൂവർ' എന്ന് വിളിപ്പേരുള്ള ലാരി ആരംഭിച്ചത്.