തിരുവനന്തപുരം:ആഗോള തലത്തിലെ പ്രശസ്ത ഫെലോഷിപ്പുകളിൽ ഒന്നായ മേരി ക്യൂറി വ്യക്തിഗത ഫെലോഷിപ്പിന് തിരുവനന്തപുരം സ്വദേശി എസ്. സുമേഷ് അർഹനായി. രണ്ട് കോടിയോളം വരുന്ന തുകയാണ് ഗ്രാന്റായി ലഭിക്കുന്നത്. ഡോക്ടറേറ്റിനു ശേഷമുള്ള ഗവേഷണങ്ങൾക്ക് നൽകുന്ന ഫെലോഷിപ്പാണിത്.
നെതർലൻഡ്സ് ഐന്തോവൻ യൂണിവേഴ്സിറ്റി, അയർലൻഡ് യൂണിവേഴ്സിറ്റി ഒഫ് ലിമെറിക് എന്നിവിടങ്ങളിൽ ബയോമെഡിക്കൽ എൻജിനിയറിംഗിലാണ് ഗവേഷണം.
എൻ.ഐ.ടി ട്രിച്ചിയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള സുമേഷ് ലണ്ടൻ ഇംപീരിയൽ കോളേജിൽ റിസർച്ച് അസോസിയേറ്റായിരുന്നു. ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ എൻഡവർ ഫെലോഷിപ്പും നേടിയിട്ടുണ്ട്.
മെഡിക്കൽ കോളേജ് 'സരസിനി' വീട്ടിൽ ശശിധരൻ- റാണി ദമ്പതികളുടെ മകനാണ്. കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ അസി.പ്രൊഫസർ വിദ്യയാണ് ഭാര്യ. മകൻ വൈഭവ്.