വളാഞ്ചേരി: ദേശീയപാത 66ൽ വട്ടപ്പാറയിൽ ചരക്കുലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. ആന്ധ്ര സ്വദേശി യമനപ്പ വൈ തലവാർ (34) ആണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ മൂന്നോടെ മഹാരാഷ്ട്രയിൽ നിന്നു കൊച്ചിയിലേക്ക് പഞ്ചസാരയുമായി പോവുകയായിരുന്ന ലോറി കൊടുംവളവിലെ 40 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പൂർണമായും തകർന്ന ലോറിയുടെ കാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
വളാഞ്ചേരി പൊലീസും തിരൂരിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വട്ടപ്പാറയിൽ ഗ്യാസ് ടാങ്കറുകളും ചരക്കുവാഹനങ്ങളും അടിക്കടി അപകടത്തിൽപ്പെടുന്നത് തുടരുകയാണ്.