തിരുവനന്തപുരം: തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്പീഡ് റെയിൽവേ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾക്ക് 2021-2022 കേന്ദ്രബജറ്റിൽ അർഹമായ വിഹിതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് മന്ത്രി ജി. സുധാകരൻ കത്തയച്ചു.
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തത്വത്തിലുളള അംഗീകാരം ലഭിച്ച പദ്ധതിയാണ് തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ. കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനാണ് നിർമ്മാണച്ചുമതല. കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുളള ഈ പദ്ധതിയുടെ ഡി.പി.ആർ അംഗീകരിക്കുന്നതിനും 2021-2022 റെയിൽവേ പിങ്ക് ബുക്കിൽ ഉൾപ്പെടുത്തി വിഹിതം അനുവദിക്കുന്നതിനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2013-ൽ തറക്കല്ലിട്ട റെയിൽവേ കോച്ച് ഫാക്ടറിയുടെ പൂർത്തീകരണത്തിനും വിഹിതം അനുവദിക്കണം. എറണാകുളം-പൊന്നുരുന്നിയിലെ മാർഷലിംഗ് യാർഡ് കോച്ചിംഗ് ടെർമിനലായും സ്റ്റേഷൻ സമുച്ചയമായും പുനർനിർമ്മിക്കണം. നേമം റെയിൽവേ സ്റ്റേഷന്റെ വികസനത്തിനും തിരുവനന്തപുരം-കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കലിനും അർഹമായ വിഹിതം അനുവദിക്കണം. കൊച്ചുവേളി ഉൾപ്പെടെയുളള റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിന് അർഹമായ പരിഗണന നൽകണം. എറണാകുളം-അമ്പലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് മുൻഗണന നൽകി കേരളത്തിന്റെ റെയിൽവേ വികസനത്തിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം-കണ്ണൂർ ശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെ അധിക ട്രെയിനുകൾ അനുവദിക്കണമെന്നും ഹ്രസ്വദൂര യാത്രക്കാർക്ക് ഏറ്റവും സഹായകരമാകുന്ന മെമു ട്രെയിനുകൾ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ കൂടുതലായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.