കോവളം: അവശനിലയിൽ കണ്ടെത്തിയ 14 വയസുകാരി ആശുപത്രിയിൽ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. മുട്ടയ്ക്കാട് ചിറയിൽ ചരുവിള പുത്തൻവീട്ടിൽ ആനന്ദൻ ചെട്ടിയാരുടെയും ഗീതയുടെയും വളർത്തുമകളായ ഗീതുവാണ് മരിച്ചത്. മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. വെങ്ങാനൂർ ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഗീതുവിനെ കഴിഞ്ഞ 14ന് വൈകിട്ട് 3.30ന് പനിയെ തുടർന്ന് വിഴിഞ്ഞം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചെങ്കിലും 6.30ഓടെ മരിച്ചു. ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും തലയ്ക്ക് ക്ഷതമേൽക്കാനുള്ള കാരണം കണ്ടെത്താനായില്ല.
കുട്ടിയുടെ കാലിന് വീക്കമല്ലാതെ മറ്റ് അസുഖങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നെന്ന് വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. മരിക്കുന്നതിന് തലേന്ന് രാത്രിയിൽ ഗീതു ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. അന്ന് തന്നെ കുട്ടി സമീപവീടുകളിൽ ചെന്നിരുന്നതായി പ്രദേശവാസികളും മൊഴി നൽകി. അടുത്ത ബന്ധു ഉൾപ്പെടെ മൂന്ന് യുവാക്കളെയും പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
വിദ്യാർത്ഥി കിടന്നിരുന്ന മുറി സീൽ ചെയ്ത പൊലീസ് വസ്ത്രങ്ങൾ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫോർട്ട് എ.സി ആർ. പ്രതാപൻനായർ, കോവളം എസ്.എച്ച് .ഒ പി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഗീതുവിന്റെ രക്ഷിതാക്കൾ അടക്കം മുപ്പതോളം പേരെയാണ് സ്റ്റേഷനിൽ വിളിപ്പിച്ച് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലവും ലഭിച്ചാൽ മാത്രമേ മരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത് .