തിരുവനന്തപുരം: ഐശ്വര്യസമ്പൂർണവും അഴിമതി രഹിതവുമായ കേരളം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഈ മാസം 31ന് കാസർകോട് കുമ്പളയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് മേൽനോട്ടസമിതി ചെയർമാൻ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷനാകും. ഫെബ്രുവരി 22ന് തിരുവനന്തപുരത്തെ സമാപനറാലിയിലേക്ക് എ.ഐ.സി.സി മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, പി.ജെ. ജോസഫ്, മോൻസ് ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ, ഷിബു ബേബിജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, ജി. ദേവരാജൻ, ജോൺ ജോൺ എന്നിവർക്ക് പുറമേ കോൺഗ്രസിനെ പ്രതിനിധീകരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷും ജാഥാംഗങ്ങളാകും. വി.ഡി. സതീശൻ എം.എൽ.എയാണ് ജാഥാ കോ-ഓർഡിനേറ്റർ.
140 നിയോജകമണ്ഡലങ്ങളിലൂടെയും പര്യടനം നടത്തുന്ന ജാഥ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങൾ കേൾക്കും. യു.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ നൽകുന്നതിന് ജാഥയിൽ ജനങ്ങൾക്ക് അവസരം നൽകും. ബെന്നി ബെഹനാന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പ്രകടനപത്രികാ സമിതി എല്ലാ ജില്ലകളിലും സന്ദർശിച്ച് ജനങ്ങളുടെ നിർദ്ദേശങ്ങൾ കേട്ടുവരികയാണ്. ഇവർക്ക് ശശി തരൂരും സഹായം നൽകും.
കെ.വി. തോമസ് ശക്തനായ തേരാളി
കെ.വി. തോമസ് കോൺഗ്രസിന്റെ എക്കാലത്തെയും ശക്തനായ തേരാളിയാണ്. അദ്ദേഹത്തിന് സ്വാഭാവികമായും ചില പ്രശ്നങ്ങളുണ്ടായി. അത് ഞങ്ങൾ ചർച്ച ചെയ്തുവരുന്നു. അദ്ദേഹം എങ്ങോട്ടും പോകില്ല. അഖിലേന്ത്യാ നേതൃത്വമുള്ള ദേശീയ പാർട്ടികളൊക്കെ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനങ്ങളിൽ അവരുടേതായ നിരീക്ഷകരെയും മറ്റും നിയോഗിക്കുന്നത് സ്വാഭാവികമാണ്.