വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞനും രാംപൂർ – സഹസ്വാൻ ഘരാനയിലെ അതികായരിൽ പ്രമുഖനുമായ ഉസ്താദ് ഗുലാം മുസ്തഫ ഖാൻ (89) അന്തരിച്ചത് ഈയാഴ്ചയാണ്. 1991ൽ പത്മശ്രീയും 2006ൽ പത്മഭൂഷണും 2018ൽ പത്മവിഭൂഷണും നല്കി രാജ്യം ആദരിച്ചിരുന്നു. 2003ൽ സംഗീത നാടക അക്കാഡമി അവാർഡും നേടിയിട്ടുണ്ട്.
പദ്മഭൂഷൺ മുസ്താഖ് ഹുസൈൻ ഖാന്റെ ചെറുമകൾ ആമിന ബീഗമാണ് ഭാര്യ. നാലു ആൺമക്കളുണ്ട്.
ഹിന്ദി ചലച്ചിത്രലോകത്ത് ഗായകനായും സംഗീതസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. മൃണാൾസെന്നിന്റെ ഭുവൻഷോമിലും നിരവധി മറാത്തി, ഗുജറാത്തി സിനിമകൾക്കു വേണ്ടിയും പാടിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും നിരവധി സംഗീതക്കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. ആശാ ഭോസ്‌ലെ, മന്നാ ഡേ, വഹീദാ റഹ്‌മാൻ, ഗീതാദത്ത്, എ. ആർ. റഹ്‌മാൻ, ഹരിഹരൻ, സോനു നിഗം, അലീഷാ ചിനായി തുടങ്ങി നിരവധി സംഗീത പ്രതിഭകളുടെ ഗുരു ആയിരുന്നു.
ഡ്രാഗൺ ഫ്രൂട്ടല്ല , കമലം
പഴങ്ങളുടെ കൂട്ടത്തിൽ ഏറെ ഇഷ്ടക്കാരുള്ള ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത് സർക്കാർ. ഡ്രാഗൺ ഫ്രൂട്ടിന് ആ പേര് ചേരില്ലെന്നും താമര എന്ന അർത്ഥം വരുന്ന കമലം എന്ന പേരിലാകും സംസ്ഥാനത്ത് അറിയപ്പെടുകയെന്നും മുഖ്യമന്ത്രി വിജയ് രൂപാണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പേരിന് ചൈനീസ് ബന്ധമുള്ളതിനാലാണ് ഒഴിവാക്കുന്നതെന്നും ഡ്രാഗൺ ഫ്രൂട്ടിന്റെ രൂപം താമരപ്പൂവിനു സമാനമായതിനാലാണ് കമലം എന്ന പേരിട്ടതെന്നും ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താമരയുടെ സംസ്‌കൃത നാമമാണ് കമലം.ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റുന്നതിനായി പേറ്റന്റിന് അപേക്ഷ നൽകിയിട്ടുണ്ട്.ഗുജറാത്തിലെ കച്ച്, നവ്സാരി എന്നിവിടങ്ങളിലെ കർഷകർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൻതോതിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്തു വരികയാണ്. സംസ്ഥാന ബി.ജെ.പി ഓഫീസിന് നേരത്തെ തന്നെ 'ശ്രീ കമലം' എന്ന് പേര് നൽകിയിരുന്നു.
സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ
പരീക്ഷണം വിജയകരം
ആകാശപ്പോരിന് കരുത്തേകി ഹോക്ക്-ഐ പദ്ധതിയുടെ ഭാഗമായുള്ള സ്‌മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ (എസ്.എ.എ.ഡബ്ലിയു) ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ ലിമിറ്റഡ് (എച്ച്.എ.എൽ) വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് ഹോക്ക് -ഐ വിമാനം ഉപയോഗിച്ചാണ് പരീക്ഷണം നടന്നത്.
ശത്രുവിന്റെ വ്യോമത്താവളങ്ങളെ നശിപ്പിക്കാനുള്ള നിയന്ത്രിത ബോംബുകളാണിവ. 100 കിലോ മീറ്റർ അകലെയുള്ള ശത്രുക്കളുടെ വസ്തുവകകളെ കണ്ടെത്തി നശിപ്പിക്കുമെന്നതാണ് ആന്റി എയർഫീൽഡ് വെപ്പണുകളുടെ പ്രത്യേകത.
വിരമിച്ച വിംഗ് കമാൻഡർമാരായ പി. അവാസ്തി, എം. പട്ടേൽ എന്നിവരാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച രീതിയിലാണ് പരീക്ഷണം നടന്നതെന്നും എല്ലാ ലക്ഷ്യങ്ങളും കൃത്യമായി ഭേദിച്ചെന്നും എച്ച്.എ.എൽ അറിയിച്ചു.
ആന്റി എയർഫീൽഡ് വെപ്പണുകൾക്ക് 125 കിലോഗ്രാം ഭാരമുണ്ട്. ഇതാദ്യമായാണ് ഇന്ത്യൻ നിർമ്മിത ഹോക്ക്-എം.കെ.132ൽ നിന്നും സ്മാർട്ട് വെപ്പൺ പരീക്ഷിക്കുന്നത്. നേരത്തെ, ജാഗ്വാർ എയർക്രാഫ്റ്റുകളിൽ നിന്നും ഇവ വിജയകരമായി വിക്ഷേപിച്ചിരുന്നു. 100 കിലോ മീറ്ററിനുള്ളിലുള്ള ശത്രുക്കളുടെ റഡാറുകൾ, ബങ്കറുകൾ, റൺവേകൾ എന്നിവ തകർക്കുകയാണ് സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പണുകളുടെ ചുമതല.
50,000ൽ തൊട്ട് സെൻസെക്‌സ്
ബോംബെ ഓഹരി സൂചിക (സെൻസെക്‌സ്) ചരിത്രത്തിൽ ആദ്യമായി ഇന്നലെ 50,000 പോയിന്റ് ഭേദിച്ചു. അമേരിക്കൻ പ്രസിഡന്റായുള്ള ജോ ബൈഡന്റെ സ്ഥാനാരോഹണം, കൊവിഡ് വാക്‌സിൻ വിതരണം എന്നിവയാണ് സെൻസെക്‌സിന് ഊർജമായത്. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ സെൻസെക്‌സ് 50,184 വരെയും നിഫ‌്റ്റി 14,753 വരെയും എത്തി. ഇത്, എക്കാലത്തെയും ഉയരമാണ്.എന്നാൽ, വ്യാപാരാന്ത്യം കനത്ത ലാഭമെടുപ്പ് നടന്നതിനാൽ സെൻസെക്‌സ് വീണ്ടും 49,000 നിലവാരത്തിലേക്ക് വീണു.
ക്ഷയരോഗ നിവാരണം:
മോഹൻലാൽ അംബാസഡർ
സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയിൽ നടൻ മോഹൻലാൽ ഗുഡ് വിൽ അംബാസഡറാകുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
2025 ഓടെ ക്ഷയരോഗ നിവാരണത്തിന് സംസഥാന സർക്കാർ 'എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതി' നടപ്പാക്കി വരുകയാണ്. ക്ഷയരോഗത്തിന്റെയും കൊവിഡിന്റെയും പ്രധാന ലക്ഷണങ്ങൾ ചുമയും പനിയുമായതിനാൽ ക്ഷയരോഗം കണ്ടെത്തുന്നതിൽ കാലതാമസം അനുഭവപ്പെടുന്നുണ്ട്. ഇത് മുന്നിൽക്കണ്ടാണ് ക്ഷയരോഗ ബാധിതരെ കണ്ടെത്തുന്നതിനുള്ള കാമ്പയിൻ ആരംഭിച്ചത്. പൊതുജനാരോഗ്യ സംവിധാനങ്ങളിൽ രാജ്യത്തെ മികച്ച മാതൃകയായി 'അക്ഷയകേരളം' പദ്ധതിയെ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |