തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനരംഗത്ത് പൊതുമരാമത്ത് വകുപ്പ് വഴി പുരോഗമിക്കുന്നത് 25,000 കോടി രൂപയുടെ നിർമാണപ്രവൃത്തികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ ജില്ലകളിലായി 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണം വീഡിയോ കോൺഫറൻസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ചിറയിൻകീഴ്, മാളിയേക്കൽ (കരുനാഗപ്പള്ളി), ഇരവിപുരം, ഗുരുവായൂർ, ചിറങ്ങര (ചാലക്കുടി), അകത്തേത്തറ (മലമ്പുഴ), വാടാനാംകുറുശ്ശി (പട്ടാമ്പി), താനൂർതെയ്യാല, ചേലാരി ചെട്ടിപ്പടി (തിരൂരങ്ങാടി), കൊടുവള്ളി (തലശേരി) എന്നിവിടങ്ങളിലായാണ് മേൽപ്പാലങ്ങൾ നിർമ്മിക്കുന്നത്. നാടിന്റെ ത്വരിതവികസനം ഉറപ്പാക്കാൻ തടസരഹിതമായ റോഡ് ശൃംഖല സാദ്ധ്യമാക്കാനാണ് ലെവൽക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യവുമായി സർക്കാർ ഈ നിർമ്മാണങ്ങൾ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
251.48 കോടി മുതൽമുടക്ക് പ്രതീക്ഷിക്കുന്ന ഈ പ്രവൃത്തികളുടെ നിർമ്മാണം റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ: ടി.എം. തോമസ് ഐസക് മുഖ്യാതിഥിയായിരുന്നു.