SignIn
Kerala Kaumudi Online
Thursday, 04 March 2021 6.50 PM IST

'ഇങ്ങനൊരു കൂതറസിനിമ അടുത്തകാലത്തെങ്ങും കണ്ടിട്ടില്ല, ജിയോ ബേബി എന്ന മഹാൻ ഈ 21ആം നൂറ്റാണ്ടിൽ കണ്ട മഹത്തായ അടുക്കള സ്വന്തം വീട്ടിലേത് തന്നെയായിരിക്കും'

great-indian-kitchen

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ‌്ത ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മഹത്തായ ഭാരതീയ അടുക്കള'. ഒടിടി റിലീസായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. സിനിമയുടെ കഥാപശ്ചാത്തലത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും സോഷ്യൽ മീഡിയയിലടക്കം നിരവധി പേർ രംഗത്തെത്തുന്നുണ്ട്. അത്തരത്തിലൊരു കുറിപ്പ് പങ്കുവയ‌്‌ക്കുകയാണ് ഷിബി പി.കെ എന്ന യുവതി.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-

'ഞാനൊരു സിനിമാ ആസ്വാദകയോ, നിരൂപകയോ ഒന്നുമല്ല.. എന്നാലും, ഇത്രയേറെ കൊട്ടിഘോഷിച്ച ജിയോ ബേബിയുടെ "മഹത്തായ ഭാരതീയ അടുക്കള" കണ്ടു.. സത്യം പറയാല്ലോ ഇങ്ങനെ ഒരു കൂതറ (എന്റെ ഫീലിംഗ് രേഖപ്പെടുത്താൻ പറ്റിയ വേറെ വാക്കൊന്നും കിട്ടാത്തതുകൊണ്ടാണ്.. ക്ഷമിക്കുക..) സിനിമ ഞാനീ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല.. എന്റേതായ കാരണങ്ങൾ ഞാൻ എണ്ണിയെണ്ണി പറയാം..!!

സിനിമയിലുടനീളം കാണിക്കുന്ന, വെള്ളം നിറഞ്ഞുകിടക്കുന്ന വൃത്തികെട്ട അടുക്കള വല്ലാതെ മനംപിരട്ടൽ ഉണ്ടാക്കുന്നു.. അടുക്കള എന്നത് ഒരു കുടുംബത്തിലെ ഏറ്റവും മഹനീയമായ സ്ഥലമാണ്... ആയിരിക്കണം... ഭാരതത്തിൽ, പല സംസ്ഥാനങ്ങളിലും പൂജാമുറികൾ അടുക്കളയിൽ ആണുള്ളത്.. അത്രമേൽ പരിപാവനമായ സ്ഥാനമാണ് കുടുംബത്തിൽ അടുക്കളക്കുള്ളത്.. അതൊന്നു വൃത്തിയാക്കി അടുക്കിപ്പെറുക്കി വെക്കാൻ പോലും മെനക്കേടാത്ത കുടുംബം വല്ലാതെ അറപ്പുളവാക്കി.. ജിയോയുടെ വീടുതന്നെയാണോ ഇത്?

കല്യാണം കഴിഞ്ഞു വന്ന ദിവസ്സം മുതൽ, അപ്പനും, മകനും മേശമേൽ തുപ്പിയിടുന്നതൊക്കെ വാരുന്ന നായിക, ഒരിക്കൽ പോലും ഒരു "waste plate" ആ മേശമേൽ കൊണ്ടുചെന്നു വെച്ചിട്ട്, "എല്ലാവരും ഇനിമുതൽ വേസ്റ്റ് ഇതിലിടണം" എന്ന് പറയുന്നില്ല... അതിനുപകരം, സർവ്വസഹയായ ഒരു സ്ത്രീയുടെ മേലങ്കി സ്വയം എടുത്തണിഞ്ഞുകൊണ്ടു എച്ചിൽവാരുന്ന നായിക വല്ലാതെ അറപ്പുളവാക്കുന്നു.. ആ അമ്മയുടെ സ്ഥാനത്ത്, എന്റെ അമ്മയെങ്ങാൻ ആയിരുന്നെങ്കിൽ മകൻ ഒരിക്കലേ കാണിക്കൂ ആ വൃത്തികേട്... അടിച്ചു കരണക്കുറ്റി പൊകച്ചേനെ.. അതോടെ അപ്പനും നിർത്തും അമ്മാതിരി എരണംകെട്ട പണി...!!

മുൻപേ കഴിച്ചവർ തുപ്പിനാറ്റിച്ചു വെച്ചിരിക്കുന്ന മേശയിലിരുന്നു ഭക്ഷണം കഴിക്കുന്ന മുൻപേ, ഒരു തുണിയെടുത്തു അതൊന്നു തുടച്ചു വൃത്തിയാക്കിയിട്ടു ഭക്ഷണം കഴിക്കുന്നതിൽ നിന്നും നായികയെ ആരാണ് തടയുന്നത്.. ഒപ്പം തന്നെ, കരിഞ്ഞ ദോശ കഴിക്കാൻ അവരെയാരും പ്രേരിപ്പിക്കുന്നത് കാണുന്നില്ല.. എല്ലാം അവർ സ്വയം തിരഞ്ഞെടുത്തതാണ്... (അവിടുത്തെ അമ്മായിയമ്മ വളരെ നല്ല ഒരു സ്ത്രീയാണെന്ന് കൂടി ഓർക്കണം..)

അതുപോലെതന്നെയാണ്, ഓഫിസിൽ ഉച്ചക്ക് ഊണുകഴിച്ച കഴുകാത്ത പാത്രവും തൂക്കി വൈകിട്ട് വരുന്ന ഭർത്താവ്.. മര്യാദക്ക് അയാളോട് പറഞ്ഞു മനസ്സിലാക്കാൻ സാധിക്കണം അതിലെ ആരോഗ്യ പ്രശ്‌നം... കഴുകാൻ എനിക്ക് പറ്റില്ല എന്ന്...!!

പിന്നെ, ജോലിക്കു പോകുന്ന കാര്യം.. വിദേശത്തൊക്കെ പഠിച്ചു വളർന്നു എന്നവകാശപ്പെടുന്ന നായിക, പെണ്ണ് കാണൽ ചടങ്ങിന് ശേഷം, "പരസ്പരം എന്തെങ്കിലും സംസാരിക്കാനുണ്ടോ" എന്ന് ചോദിക്കുമ്പോൾ, 'ഒന്നുമില്ല" എന്ന ക്ളീഷേ ഡയലോഗ് അടിക്കുന്നു.. കല്യാണത്തിന് മുപ് തന്നെ, കല്യാണം കഴിക്കാൻ പോകുന്ന ആളോട് സംസാരിച്ചു തന്റെ ഇഷ്ടങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്ന ആളാണെന്നു മനസിലാക്കാൻ, തന്റെ ആവശ്യങ്ങളും, സ്വപ്നങ്ങളും അയാളെ ബോധ്യപ്പെടുത്തുന്നതിൽ ഒക്കെ നായിക പരാജയപ്പെടുന്നു...!!

ലാപ്പ്ടോപ്പും മുന്നിൽ വെച്ചിരിക്കുന്ന വിവരവും, വിദ്യാഭ്യാസവും ഉള്ള ഒരു സ്ത്രീക്ക്, ഒരു പ്ലംബറെ വിളിക്കാൻ പോലും അറിയില്ല എന്നത് കാണുമ്പോൾ ശെരിക്കും അവര് ഏതു കോത്താഴത്തുകാരി ആണെന്ന് ആലോചിച്ചു പോകുന്നു...!!

പിന്നെ, ആകെ മൂന്നു മനുഷ്യർക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ വേണ്ടി നായിക ഓടുന്ന ഓട്ടം കാണുമ്പോൾ ചിരിച്ചു മരിക്കുന്നു...!! മൂന്ന് പേർക്ക് കഴിക്കാൻ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ അളവും..

Patriarchy ആണ് സിനിമയിലെ വിഷയം എന്ന് ചിലർ പറയുന്നു.... ഇതിലെവിടാ പുരുഷധിപത്യം... ഭർത്താവ് ജോലിക്ക് പോകുന്നു... ഭാര്യ വീട്ടിലെ കാര്യങ്ങൾ നോക്കുന്നു...!! വയസായ അച്ഛനെ വിട്ടുകളയാം തല്ക്കാലം....!! ആരും ആരുടെയും ജോലി കുറച്ച് കാണുന്നില്ല... വ്യത്യസ്ത കുടുംബങ്ങളിൽ നിന്നും വന്നവരുടെ Expectations മാത്രമാണ് വില്ലനായി നിൽക്കുന്നത്..

മനുഷ്യർ ഏറ്റവും സുരക്ഷിതരായിരിക്കുന്നത് Victim, എന്നുവെച്ചാൽ ഇരയുടെ പൊസിഷനിൽ ആണ്... നമുക്ക് സുരക്ഷിതമായി ഇരയായി ഇരിക്കണമെങ്കിൽ കുറഞ്ഞപക്ഷം ഒരു വേട്ടക്കാരനെങ്കിലും വേണം.... സിനിമയിലെ നായിക വളരെ സ്വസ്ഥമായി തന്റെ ഇര റോളിൽ ഇരുന്നുകൊണ്ട് തനിക്കനുകൂലമായ നറേറ്റിവ് ഉണ്ടാക്കിയെടുക്കാൻ വേട്ടക്കാരനെ അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു... അമ്മായി അപ്പനും, ഭർത്താവും, മേശമേലെ മുരിങ്ങാക്കോലും, സിങ്കും, പൊട്ടിയ പൈപ്പും, ആർത്തവവും, ലൈംഗികതയും ഒക്കെ അതിനായി ഉപയോഗിക്കുന്നു... ഹോട്ടലിൽ വെച്ചു Manners ന്റെ കാര്യം പറഞ്ഞത് തെറ്റായി എന്ന് തോന്നുന്നുണ്ടെങ്കിൽ എന്നോട് "sorry" പറയൂ എന്ന് പറയുമ്പോൾ ഉടനെ സോറി പറയുന്ന നായിക വീണ്ടും സുരക്ഷിതമായ ഇര റോളിലേക്ക് പിൻവാങ്ങുന്നു.. എല്ലാത്തിനോടും ഉള്ളിൽ വെറുപ്പ് സൂക്ഷിക്കുമ്പോഴും, വെറുമൊരു പാവയായ സ്ത്രീയുടെ മുഖംമൂടി എടുത്തണിയുന്നു.... എന്നാൽ, സ്വന്തം മുഖംമൂടി തനിക്കുതന്നെ മടുത്തുതുടങ്ങുമ്പോൾ അവർക്ക് എല്ലാം നരകമായി മാറുന്നു...!! സ്വയം സൃഷ്ടിച്ച നരകം.. !! ഇതിലെവിടെയാണ് patriarchy? എല്ലാം തികഞ്ഞ ഏത് വീടാണ് ലോകത്തുള്ളത്? കല്യാണം കഴിഞ്ഞ് ഒന്നോ രണ്ടോ മാസത്തിൽ നടന്ന സംഭവങ്ങൾ ആണിതൊക്കെ എന്നോർക്കണം... പാവയായ സ്ത്രീക്ക് "ആശയവിനിമയം" എന്നൊരു കാര്യം തീരെ അറിയില്ലത്രേ..!!

പിന്നെ, ശബരിമലയും, ആർത്തവവും, അശുദ്ധിയും...

വെച്ചുപൂജയും, സർപ്പക്കാവും, ആണ്ടുതോറും സർപ്പബലിയും ഒക്കെയുള്ള കുടുംബത്തിൽ ജീവിച്ച ഞങ്ങളാരും കേട്ടിട്ടുപോലുമില്ലാത്ത ഇതൊക്കെ ഇന്നും ജിയോ ബേബിയുടെ കുടുംബത്തിൽ ആചരിച്ചു പോരുന്നു എന്നോർക്കുമ്പോൾ അത്ഭുതം... ഞാനൊക്കെ വളർന്ന എന്റെ നാട്ടിൽ (കൂട്ടിക്കൽ എന്ന കുഞ്ഞുഗ്രാമത്തിൽ) നാല് പതിറ്റാണ്ടുമുമ്പ് പോലും ഞങ്ങളാരും, തീണ്ടാരിപ്പുരയും, അശുദ്ധിയും ഒന്നും കണ്ടിട്ടില്ല... പിന്നെ, ശബരിമലക്ക് പോകാൻ ആളുകൾ മാലയിട്ടാൽ അവരെ "അയ്യപ്പ സ്വാമി"യായിട്ടാണ് സാധാരണ കാണുക... സ്വന്തം വീട്ടുകാർ മാത്രമല്ല, എല്ലാവരും.. അതവർ പുരുഷൻമാർ ആയതുകൊണ്ടല്ല... സ്ത്രീകൾ മാലയിട്ടാലും അങ്ങനെതന്നെ... ആ സമയത്ത് അവർക്ക് ആദ്യം ഭക്ഷണം കൊടുക്കും, പഴകിയ ഭക്ഷണം കൊടുക്കില്ല... വീട്ടിൽ സ്വാമിമാർ ഉണ്ടെങ്കിൽ, ആർത്തവമുള്ള സ്ത്രീകൾ ഒരു മുറിയിൽ മാറി ഇരിക്കും.. അല്ലെങ്കിൽ അടുത്തുള്ള ബന്ധു വീടുകളിലേക്ക് മാറി നിൽക്കും... മിക്കപ്പോഴും മാറി നിൽക്കുന്നത് മാലയിട്ട അയ്യപ്പന്മാർ തന്നെയായിരിക്കും... ഇതിലൊന്നും വലിയ നിയമങ്ങളൊന്നും ഒരിക്കലുമില്ല... കുടുംബാഗങ്ങൾ തന്നെ ആലോചിച്ചു തീരുമാനിക്കും... പിന്നെ, എല്ലാ വീട്ടിൽനിന്നും വർഷാവർഷം മലക്ക് പോകണം എന്നൊരു തിട്ടൂരവും എവിടെമില്ല... ഇനി നിങ്ങൾക്ക് ആർത്തവ സമയത്തു ക്ഷേത്രത്തിൽ പോകണോ അതുമാകാം... അവിടെയാരും, നിങ്ങൾക്ക് ആർത്തവമുണ്ടോ എന്നൊന്നും ചെക്ക് ചെയ്യാൻ ഇരിക്കുന്നില്ല... ഒക്കെ ഓരോ ആചാരങ്ങൾ... ആചരിക്കേണ്ടവർ ആചരിക്കുക... അല്ലാത്തവർ അവരുടെ പണിക്കു പോകുക.... അതിന്റെയൊന്നും പേരിൽ ആരും, ആരെയും, എവിടെയും പരസ്യവിചാരണ ചെയ്തതായി അറിവില്ല.... അതുപോലെ തന്നെയാണ് തുളസിയും.. ഇതൊക്കെയാണ് എന്റെ കുഗ്രാമത്തിൽ നാല് പതിറ്റാണ്ടു മുൻപ് മുതൽ ഞാൻ കണ്ട നവോത്ഥാനം...!! ജിയോ ബേബി എന്ന മഹാൻ ഈ 21 ആം നൂറ്റാണ്ടിൽ കണ്ട മഹത്തായ അടുക്കള സ്വന്തം വീട്ടിലെ അടുക്കള തന്നെയായിരിക്കും എന്ന് തോന്നാനും അതാണ് കാരണം...!!

പിന്നെ, വീട്ടിൽ കയറിവരുന്ന അതിഥികൾക്ക് സിങ്കിലേ മലിനജലം കുടിക്കാൻ കൊടുക്കുന്നതും, അതിന്റെപേരിൽ ശബരിമലക്ക് പോകാനിട്ട മാലയൂരി വെച്ച്കൊണ്ട് തല്ലാൻ ചെല്ലുന്നതും, സ്വാമിമാരുടെ തലയിൽ (പ്രായമായ അച്ഛന്റെ തലയിലും) മലിനജലം കോരി ഒഴിക്കുന്നതും ഒക്കെയായിരിക്കും ജിയോ ബേബിയുടെ വീട്ടിലെ നവോത്ഥാനം.. പാവം, വിഷമം തോന്നി..!!

ശെരിക്കും, കുഞ്ഞുടുപ്പിടുന്നതാണോ നവോത്ഥാനം ? ഡാൻസ് പഠിക്കുന്നതും, പഠിപ്പിക്കുന്നതുമാണോ സ്ത്രീ വിമോചനം ? മലിനജലം കോരി നായകൻറെ മുഖത്തൊഴിച്ച്‌ നടന്നു പോകുന്നതിന്റെ ഒരു നാലിലൊന്നു ആർജ്ജവം പോലും വേണ്ടായിരുന്നല്ലോ ഒരു ജോലി കണ്ടുപിടിച്ചു സ്വന്തം കാലിൽ നിന്നിട്ട് മതി കല്യാണം എന്ന് തീരുമാനിക്കാനും, സ്വന്തം അഭിരുചിക്കനുസരിച്ച ഒരാളെ ഭർത്താവായി തിരഞ്ഞെടുക്കാനും, കല്യാണം കഴിഞ്ഞ് സമയാസമയങ്ങളിൽ സ്വന്തം ഭര്ത്താവുമായി സംസാരിക്കാനും, ഇഷ്ടങ്ങളും, അനിഷ്ടങ്ങളും പരപസ്പരം പങ്കുവെക്കാനും അറിഞ്ഞിരിക്കാനും, അതനുസരിച്ച് മുന്നോട്ടുപോകാനും... ഇനി അതൊന്നും പറ്റില്ലെങ്കിൽ മാന്യമായി പിരിയാനും..!!

ഏറ്റവും തമാശയായി തോന്നിയത് കഥയുടെ അവസാനം, രണ്ടാമത് കെട്ടി കൊണ്ടുവന്ന പെണ്ണിനോട് കിന്നാരം പറഞ്ഞു നിന്നിട്ട് ചായക്കപ്പ്‌ അവളുടെ കയ്യിലേക്ക് കൊടുത്തിട്ടു നായകൻ നടന്നു നീങ്ങുമ്പോൾ, അതുമേടിച്ചു പുതുപ്പെണ്ണു കഴുകി വെക്കുമ്പോൾ, ജിയോ ബേബിയുടെ നവോത്ഥാനം എവിടെ നിൽക്കുന്നു എന്ന് പ്രേക്ഷകർക്ക് നന്നായി മനസിലാകുന്നു..

പിന്നെ, സിനിമയിൽ കാണിച്ചത് ശബരിമലയും, അശുദ്ധിയും ഒക്കെ ആയതുകൊണ്ട് പ്രശ്‌നമില്ല... ഹേമ കമ്മീഷൻ റിപ്പോർട്ട് എന്നൊരു സാധനം ഒരു കൊല്ലം മുൻപ് വന്നത് തലമൂത്ത നവോത്ഥാനനായകൻറെ കൈവശം കെട്ടഴിക്കാതെ ഇരിക്കുന്നുണ്ട്... അടച്ചുറപ്പുള്ള ഒരു മുറി ഇല്ലാത്തതുകൊണ്ട്, ഷൂട്ടിങ് സമയത്ത് തുറസ്സായ സ്ഥലത്തു നിന്ന് വസ്ത്രം മാറാനും, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും വിധിക്കപ്പെട്ട മലയാളത്തിലെ നായികമാരെപ്പറ്റിയും, കിട്ടുന്ന അവസരം ഒട്ടും പാഴാക്കാതെ അത് മൊബൈൽ ഫോണിൽ പകർത്തി ജീവിതകാലം മുഴുവൻ അവരെ ബ്ലാക്ക്മെയിൽ ചെയ്യുന്ന മഹാരഥന്മാരായ നായകന്മാരെപ്പറ്റിയും അതിൽ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്... ഹേമ കമ്മീഷൻ പറഞ്ഞ സിനിമാ മേഖലയിലെ പാട്രിയാർക്കിയെപ്പറ്റി ഒരു സിനിമ പിടിച്ചിരുന്നെങ്കിൽ ഇതിലും നന്നായി ഓടിയേനെ.. ജിയോ ബേബിക്കും കൂട്ടർക്കും അതിനിനിയും സമയമുണ്ട്... !!

പറഞ്ഞുവന്നത്.. എല്ലായിടത്തും എല്ലാത്തരം മനുഷ്യരുമുണ്ട്... എല്ലാവരും ചേരുന്നതാണീ ലോകം.. അല്ലാതെ ഭാരതത്തിലെ എല്ലാ അടുക്കളയും, കുടുംബങ്ങളും ഇങ്ങനെയാണെന്നുള്ള സാമാന്യവൽക്കരണം ഒരിക്കലും ശെരിയല്ല.. ഞാൻ, എന്റെ കുടുബത്തിൽ എന്റെ ജീവിതത്തിൽ കണ്ട ഒരു പുരുഷനും സുരാജ് വെഞ്ഞാറന്മൂടിന്റെ ഛായയില്ല.. അതുകൊണ്ട് എല്ലാവരും നല്ലവർ ആണെന്നല്ല... എല്ലാത്തിലും നല്ലതും, ചീത്തയുമുണ്ട്... പുരുഷനെ മാറ്റി നിർത്തി ഇവിടെയൊരു നവോത്ഥാനത്തിന് സാധ്യതയില്ല... സ്ത്രീ, സ്വന്തം ശക്തി തിരിച്ചറിയുന്നിടത്താണ് യഥാർത്ഥ നവോത്ഥാനം തുടങ്ങുന്നത്..!!

ഉദ്ധരേത് ആത്മനാത്മാനം ന ആത്മാനം അവസതയേത്.. ആത്മൈവഹി ആത്മനോ ബന്ധു.. ആത്മൈവ രിപുരാത്മനഃ

നിങ്ങൾ തന്നെയാണ് നിങ്ങളെ ഉയർത്തേണ്ടത്... നിങ്ങൾക്കെ നിങ്ങളെ ഉയർത്താൻ കഴിയൂ.. നിങ്ങൾ നിങ്ങളെ ഒരിക്കലും താഴ്ത്തരുത്.. നിങ്ങൾ നിങ്ങളെ ഉയർത്തുമ്പോൾ നിങ്ങൾ നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്താവുന്നു...നിങ്ങൾ നിങ്ങളെ തന്നെ താഴ്ത്തുമ്പോൾ നിങ്ങൾ തന്നെ നിങ്ങളുടെ ശത്രുവായി മാറുന്നു...!അതുകൊണ്ട് നിങ്ങൾക്കെ നിങ്ങളെ ഉയർത്താൻ കഴിയൂ എന്ന് സ്വയം തിരിച്ചറിയുക...ഒരിക്കലും നിങ്ങൾ നിങ്ങളെ താഴ്ത്തരുത്...

സ്വന്തം കഴിവുകളും, അറിവുകളും സ്വയം തിരിച്ചറിഞ്ഞു കൊണ്ട്, ഏത് അവസ്ഥയിലും ആർജ്ജവത്തോട് കൂടി മുന്നോട്ട് പോവുക..!!

പികെ ഷിബി'

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THE GREAT KITCHEN, REVIEW, JEO BABY, SURAJ VENJARAMOODU
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.