തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില വർദ്ധനവിന് പിന്നിൽ 200 കോടിയുടെ അഴിമതിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വില വർദ്ധിപ്പിച്ചത് ഡിസ്റ്റിലറി ഉടമകളെ സഹായിക്കാനാണെന്ന് ആരോപിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും എതിരെ വിജിലൻസ് ഡയറക്ടറെ സമീപിക്കുകയും ചെയ്തു.
എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില കൂടിയതിന്റെ അടിസ്ഥാനത്തിലാണ് മദ്യവില കൂട്ടുന്നതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ സർക്കാർ രേഖകൾ പരിശോധിച്ചാൽ ഇത് തെറ്റാണെന്ന് മനസിലാകുമെന്നും അദ്ദേഹം ആരോപിക്കുന്നു
'20 ലക്ഷം കെയ്സ് മദ്യമാണ് ബിവറേജസ് കോർപ്പറേഷന് സ്വകാര്യ ഡിസ്റ്റലറികളും, മദ്യകമ്പനികളും ഒരു മാസം സപ്ലൈചെയ്യുന്നത്. ഒരു കെയ്സ് മദ്യത്തിന് 700 രൂപ അടിസ്ഥാനവിലയാക്കി കണക്കാക്കിയാൽ തന്നെ 140 കോടി രൂപയുടെ വരുമാനമാണ് ഡിസ്റ്റിലറി മുതലാളിമാർക്ക് എല്ലാ മാസവും ലഭിക്കുന്നത്. ഒരു വർഷത്തെ ബിസിനസ് ഏകദേശം 1680 കോടി രൂപ വരും. കേരളത്തിലെ മദ്യവിതരണത്തിന്റെ ബഹുഭൂരിഭാഗവും ഏതാനും ചില വൻകിട കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്. വൻകിട മദ്യകമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡ് എന്ന് ഒറ്റ കമ്പനി മാത്രം കേരളത്തിൽ ബിവറേജസ് കോർപ്പറേഷനാവശ്യമായ മദ്യത്തിന്റെ 33 ശതമാനം സപ്ലൈചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്'- ചെന്നിത്തല വിജയിലൻസിന് അയച്ച കത്തിൽ പറയുന്നു.
സംസ്ഥാനത്ത് മദ്യത്തിന് ഏഴു ശതമാനം വിലവർദ്ധനവാണ് നടപ്പാക്കുന്നത്. ഇതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെ വർദ്ധനവുണ്ടാകും. അടുത്തമാസം ഒന്ന് മുതലായിരിക്കും പുതിയ വില നിലവിൽവരിക. ഒരു കുപ്പിക്ക് 40 രൂപ കൂടുമ്പോൾ 35 രൂപ സർക്കാരിനും നാലു രൂപ മദ്യവിതരണ കമ്പനികൾക്കും ഒരു രൂപ കോർപറേഷനും അധിക വരുമാനമായി ലഭിക്കും.