കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശിപാർശ വിമാനത്താവളം അധികൃതർ ഡി.ജി.സി.ഐയ്ക്ക് സമർപ്പിച്ചു. വിമാന സുരക്ഷയുമായി ബന്ധപ്പെട്ട സേഫ്റ്റി റിസ്ക് അസസ്മെന്റ് റിപ്പോർട്ട് സൗദി എയർലൈൻസ് സമർപ്പിച്ച പശ്ചാത്തലത്തിലാണിത്. വൈകാതെ സർവീസ് പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ആഗസ്റ്റ് 7ന് രാത്രിയാണ് ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി 35 മീറ്റർ താഴ്ച്ചയിലേക്ക് പതിച്ച് അപടകമുണ്ടായത്. പൈലറ്റും സഹ പൈലറ്റുമടക്കം 21 പേർ മരിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്. വിമാന അപകടം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നിയോഗിച്ച വിദഗ്ദ സമിതിക്ക് രണ്ട് മാസം കൂടി സമയം നീട്ടി നൽകിയിട്ടുണ്ട്. അന്തിമ റിപ്പോർട്ട് അഞ്ച് മാസത്തിനകം സമർപ്പിക്കണമെന്നായിരുന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം ആദ്യം നിർദ്ദേശിച്ചിരുന്നത്. ദുരന്തത്തിന് പിന്നാലെ കരിപ്പൂരിലെ റൺവേയുടെ സുരക്ഷിതത്വം സംബന്ധിച്ച് ഏറെ വാദപ്രതിപാദങ്ങൾ ഉയർന്നിരുന്നു. ടേബിൾ ടോപ്പ് റൺവേയല്ല അപകട കാരണമെന്നാണ് വ്യോമയാന മന്ത്രാലയം അധികൃതർ പറയുന്നത്. അന്വേഷണ റിപ്പോർട്ടിലൂടെ മാത്രമേ യഥാർത്ഥ കാരണം വ്യക്തമാവൂ. അന്വേഷണ സമിതിക്ക് രണ്ട് മാസം കൂടി നീട്ടിക്കൊടുത്ത പശ്ചാത്തലത്തിൽ വലിയ വിമാനങ്ങളുടെ സർവീസിനെയും ഇതു ബാധിക്കുമോയെന്ന ആശങ്കയുണ്ട്.
ഡി.ജി.സി.ഐയുടെ നിർദ്ദേശത്തെ തുടർന്ന് ഈമാസം ആദ്യത്തിൽ വിമാനകമ്പനികളും എയർപോർട്ട് അതോറിറ്റിയും യോഗം ചേർന്ന് റൺവേയുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തിയിരുന്നു. വിമാനമിറങ്ങുമ്പോൾ പിൻഭാഗത്ത് നിന്നുള്ള കാറ്റിന്റെ വേഗം നിർണ്ണയിക്കൽ, ലാംൻഡിംഗ് ബ്രോക്കിംഗ് കൃത്യത തുടങ്ങിയ ഉൾപ്പെടുന്ന സേഫ്റ്റി റിസ്ക് അസസ്മെന്റ് റിപ്പോർട്ട് സമർപ്പിക്കാൻ വിമാന കമ്പനികളോട് വിമാനത്താവളം അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൗദി എയർലൈൻസ് റിപ്പോർട്ട് സമർപ്പിച്ചത്.
മാർച്ചിൽ സൗദി എയർലൈൻസിന്റെ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കും. വലിയ വിമാനങ്ങളായിരുന്നു കരിപ്പൂരിലേക്ക് ഏറിയ പങ്കും സർവീസ് നടത്തിയിരുന്നത്. ഹജ്ജ്, ഉംറ തീർത്ഥാടകരെ ലക്ഷ്യമിട്ടും വലിയ വിമാനങ്ങൾ സർവീസ് നടത്തിയിരുന്നു. ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കരിപ്പൂരിലേക്ക് തിരികെ കൊണ്ടുവരണമെങ്കിലും വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കേണ്ടതുണ്ട്. പ്രവാസി യാത്രക്കാരിൽ ഏറിയ പങ്കും ആശ്രയിക്കുന്ന കരിപ്പൂരിൽ വലിയ വിമാനങ്ങളിറങ്ങാത്തത് യാത്രക്കാരെയും വലിയ തോതിൽ ദുരിതത്തിലാക്കിയിട്ടുണ്ട്.