സിംഗപ്പൂർ: അന്തരീക്ഷത്തിൽനിന്ന് നേരിട്ട് വെള്ളം വലിച്ചെടുക്കാൻ സഹായിക്കുന്ന കനംകുറഞ്ഞ എയർജെല്ലുകൾ വികസിപ്പിച്ചിച്ച് സിംഗപ്പൂർ ദേശീയ സർവകലാശാലയിലെ ഗവേഷകർ. വായുവിലെ ജലതന്മാത്രകളെ ലയിപ്പിച്ച് ശുദ്ധമായ കുടിവെള്ളം ഉൽപാദിപ്പിക്കാൻ സഹായിക്കുന്നവയാണ് എയർജെല്ലുകൾ. സ്പോഞ്ചു പോലെ ഉപയോഗിക്കാവുന്ന ഇവ പ്രവർത്തിപ്പിക്കാൻ യാതോരു വിധ ഉൗർജ്ജ സ്രോതസ്സുകളുടെ സഹായവും ആവശ്യമില്ല. ഒരു കിലോ ഗ്രാം തൂക്കമുള്ള എയർജെല്ലിൽനിന്ന് 17 ലിറ്റർ വെള്ളം ലഭിക്കുമെന്ന് ശാസ്ത്ര ജേണലായ സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തിൽ അവകാശപ്പെടുന്നു. അന്തരീക്ഷത്തിൽനിന്ന് സ്വാംശീകരിക്കുന്ന വെള്ളം പിഴിഞ്ഞെടുക്കാതെ തന്നെ കുടിക്കാം. പോളിമറുകൾ ഉപയോഗിച്ചാണ് സ്പോഞ്ച് പോലുള്ള എയർജെല്ല് നിർമ്മിച്ചിരിക്കുന്നത്. കടുത്ത ഉഷ്ണദിനങ്ങളിൽ 95 ശതമാനം വരെ ജലകണങ്ങളെ അന്തരീക്ഷത്തിൽനിന്ന് വലിച്ചെടുക്കാൻ ഇവയ്ക്ക് സാധിക്കും. ലോകാരോഗ്യ സംഘടന അംഗീകരിച്ച നിലവാരത്തിമുള്ള ശുദ്ധമായ കുടിവെള്ളമാണ് ഇവ നൽകുകയെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ, കുടിവെള്ളം കുപ്പിയിൽ കൊണ്ടുനടക്കുന്നതിന് പകരം എയർജെല്ലുകൾ ഉപയോഗിക്കാമെന്നും ഗവേഷകർ പറയുന്നു. കൂടുതൽ പഠനങ്ങൾക്ക് ശേഷം അധികം വൈകാതെ ഇവ വിപണിയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.