യുവാവിനെ പൊലീസ് പൊക്കി
പോക്സോ കേസിൽ ഇരുവരും പ്രതികൾ
കൊല്ലം: പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ കുടുംബത്തോട് അനുഭാവം നടിച്ചെത്തി യുവതിയുടെ സഹോദരിയുമായി മുങ്ങിയ യുവാവ് പിടിയിൽ.
നെടുമങ്ങാട് സ്വദേശിയും റംസിയുടെ കുടുംബത്തിന് നീതിക്കായി രൂപീകരിച്ച സമൂഹമാദ്ധ്യമക്കൂട്ടായ്മയിലെ അംഗവുമായ നെടുമങ്ങാട് സ്വദേശി അഖിലാണ് ഭർത്തൃമതിയും ഒരു കുട്ടിയുടെ അമ്മയുമായ ആൻസിയെന്ന യുവതിക്കൊപ്പം മൂവാറ്റുപുഴയിൽ നിന്ന് പൊലീസിന്റെ പിടിയിലായത്. ഇരവിപുരം പൊലീസിന് കൈമാറിയ ഇരുവരെയും കൊല്ലത്തെത്തിച്ചെങ്കിലും യുവതിയെ സ്വീകരിക്കാൻ ഭർത്തൃവീട്ടുകാർ വിസമ്മതിച്ചതോടെ പൊലീസ് സ്റ്റേഷനുകളിൽ മാറിയും തിരിഞ്ഞുമുള്ള മദ്ധ്യസ്ഥ ശ്രമങ്ങൾ പൊടിപൊടിക്കുകയാണ്.
റംസിയുടെ നീതിക്കായി രൂപീകരിച്ച സമൂഹമാദ്ധ്യമക്കൂട്ടായ്മയുടെ ഭാരവാഹികളും റംസിയുടെ വീട്ടുകാരും സമുദായ നേതാക്കളുമെല്ലാം മദ്ധ്യസ്ഥ ശ്രമങ്ങൾ നടത്തുണ്ടെങ്കിലും തീരുമാനമാകാത്ത സാഹചര്യത്തിൽ യുവതിയെയും യുവാവിനെയും കോടതിയിൽ ഹാജരാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ആൻസിക്കും അഖിലിനുമെതിരെ പോക്സോ ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം കേസെടുക്കാനാണ് പൊലീസിന്റെ നീക്കം.
തുടക്കം മുതൽ കൂട്ടായ്മയിൽ സജീവം
റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇരയ്ക്കു നീതി ആവശ്യപ്പെട്ടുള്ള സാമൂഹിക മാദ്ധ്യമ പ്രതിഷേധ കൂട്ടായ്മയിൽ തുടക്കം മുതലേ സജീവമായിരുന്നു അഖിൽ.കഴിഞ്ഞ 18നാണ് ആൻസിയെ കാണാതായത്. ഇവരെ കാണാനില്ലെന്ന് ഭർത്താവ് മുനീർ ഇരവിപുരം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ മൂവാറ്റുപുഴയിൽ ഒളിവിൽ താമസിക്കുന്നതായി വിവരം ലഭിച്ചത്. ഇരവിപുരം പൊലീസ് നൽകിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
സംശയത്തിന് ഇടം കൊടുത്തില്ല
ആക്ഷൻ കൗൺസിൽ പ്രവർത്തനത്തിനിടെ അഖിൽ ആൻസിയുമായി അടുക്കുകയായിരുന്നു. സമൂഹമാദ്ധ്യമക്കൂട്ടായ്മയിൽ അംഗമായതിനാൽ ആർക്കും ഇതിൽ മറ്റ് സംശയങ്ങളും തോന്നിയിരുന്നില്ല. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി ആൻസിയും സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി വൻ പ്രചാരണം നടത്തിയിരുന്നു. ഇരയ്ക്കു നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളും അരങ്ങേറി. ഇതോടെ ജനശ്രദ്ധ ആകർഷിച്ച കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസിൽ സീരിയൽ നടി ഉൾപ്പെടെ മുൻകൂർ ജാമ്യം നേടുകയും ചെയ്തിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് ആൻസിയെ കാണാതായത്.
റംസി ആത്മഹത്യ മനംനൊന്ത്
സെപ്തംബർ മൂന്നിനാണ് റംസി തൂങ്ങിമരിച്ചത്. വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷം സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോൾ യുവാവ് റംസിയെ ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു പരാതി. റംസി മൂന്നു മാസം ഗർഭിണിയായിരിക്കെ നിർബന്ധിത ഗർഭച്ഛിദ്രം നടത്താൻ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ചുവെന്നായിരുന്നു സീരിയൽ നടിക്കെതിരായ പരാതി. ഈകേസ് ഹൈക്കോടതി തീരുമാനം കാത്ത് കഴിയുന്നതിനിടെയാണ് സമൂഹ മാദ്ധ്യമക്കൂട്ടായ്മയിലെ അംഗം റംസിയുടെ സഹോദരിയുമായി നാടുവിട്ടത്.