അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ കടയൊഴിപ്പിക്കുന്നതിൽ മനംനൊന്ത് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ മലയാളി മരിച്ചു. ചിറയിൻകീഴ് പെരുങ്കുഴി കരിക്കാട്ടുവിള വീട്ടിൽ ഷിബു മണിയൻ (42) ആണ് മരിച്ചത്.
മേംനഗർ ഗാമിൽ ഗുരുകുലിന് അടുത്ത് ഐ.ഒ.സിയുടെ പെട്രോൾ പമ്പിന് സമീപം ടയർ വർക്സ് സ്ഥാപനം നടത്തുകയായിരുന്ന ഷിബു വെള്ളിയാഴ്ചയാണ് ആത്മാഹൂതിക്ക് ശ്രമിച്ചത്. സ്ഥലം വാടകയ്ക്ക് നൽകിയവർ ഫെബ്രുവരി ഒന്നിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡെപ്പോസിറ്റ് തുകയായ മൂന്നരലക്ഷം ഷിബു തിരികെ ചോദിച്ചെങ്കിലും അവർ നൽകിയില്ല.
20 വർഷമായി ഗുജറാത്തിൽ ടയർ വർക്സ് ജോലികൾ ചെയ്തുവരികയായിരുന്ന ഷിബുവിന്റെ കുടുംബം കേരളത്തിലാണ്. ലോക്ക്ഡൗണിൽ നാട്ടിലേക്കുപോയ ഷിബു വീടിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കടയിരുന്ന സ്ഥലത്തിന്റെ കരാർ കാലാവധി കഴിഞ്ഞെന്ന് കാട്ടി കട ഒഴിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ പെട്രോൾ പമ്പ് ഉടമയും മുൻ മുനിസിപ്പൽ കൗൺസിലറുമായ ജിത്തു റാണ, പെട്രോൾ പമ്പ് മാനേജർ വിശാൽ ഗോസാമി എന്നിവർക്കെതിരെ കേസെടുത്തു.
പെട്രോൾ പമ്പിൽ നിന്ന് ഒരു ലിറ്റർ പെട്രോൾ വാങ്ങി കടയുടെ മുന്നിൽ വച്ചാണ് തീ കൊളുത്തിയത്. ഉടൻ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു. മൃതദേഹം മോർച്ചറിയിൽ.ഭാര്യ റെജി. മക്കൾ: ഗോകുൽ, ശ്യാം.