കണ്ണൂർ: കിടപ്പ് രോഗിയായ വൃദ്ധയെ അധിക്ഷേപിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ അദ്ധ്യക്ഷയായ എം.സി.ജോസഫൈനെ കഥാകൃത്ത് ടി.പത്മനാഭൻ രൂക്ഷമായി വിമർശിച്ചു. സി.പി. എമ്മിന്റെ ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായി സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്റെ നേതൃത്വത്തിലുള്ള സംഘം പള്ളിക്കുന്നിലെ വീട്ടിലെത്തിയപ്പോഴായിരുന്നു പത്മനാഭന്റെ വിമർശനം. 87 കാരിയെ അധിക്ഷേപിച്ചത് ക്രൂരതയാണ്. ജോസഫൈന്റേത് ദയയും സഹിഷ്ണുതയുമില്ലാത്ത പെരുമാറ്റമാണ്. വനിതാകമ്മിഷൻ അദ്ധ്യക്ഷ പ്രയോഗിച്ച വാക്കുകൾ പദവിക്ക് നിരക്കാത്തതാണ്. അവരെ കാറും ശമ്പളവും നൽകി നിയമിച്ചതെന്തിനെന്നും പത്മനാഭൻ ചോദിച്ചു. വിഷയം ജോസഫൈന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നു പി.ജയരാജൻ മറുപടി നൽകി. പരാതി നൽകിയ പത്തനംതിട്ട റാന്നി കോട്ടാങ്ങൽ സ്വദേശിനിയായ ലക്ഷ്മിക്കുട്ടിയമ്മയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ചതായാണ് ബന്ധുവിന്റെ പരാതി.
89 വയസുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാൻ ആരാണ് പറഞ്ഞെതെന്നായിരുന്നു പരാമർശം. ജോസഫൈനും ബന്ധുവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. തുടർന്ന് ജോസഫൈനെതിരെ വ്യപാക വിമർശനമാണുണ്ടായത്.
വൃദ്ധയെ അപമാനിച്ചിട്ടില്ലെന്ന്
എം.സി ജോസഫൈൻ
തിരുവനന്തപുരം: പരാതിക്കാരിയായ വൃദ്ധയെ അപമാനിച്ചെന്ന ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും സംഭവത്തിന്റെ ഒരു വശം മാത്രം പെരുപ്പിച്ച് കാണിക്കുകയാണെന്നും വനിത കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ അറിയിച്ചു. അദ്ധ്യക്ഷയ്ക്കു വേണ്ടി കമ്മിഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് വിശദീകരണം. 89കാരിയായ പരാതിക്കാരിക്കെതിരെ മോശമായി പെരുമാറിയിട്ടില്ല. ആശയവിനിമത്തിലെ അവ്യക്തതയാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായത്. വാർത്തയിൽ സൂചിപ്പിക്കുന്ന ലക്ഷ്മിക്കുട്ടിആമ്മയെ അയൽവാസി മർദ്ദിച്ചെന്നുള്ള പരാതിയിൽ നിയമനടപടികൾ നടന്നുകൊണ്ടിരിക്കകയാണ്. ഈ സാഹചര്യത്തിൽ വനിതാ കമ്മിഷൻ അദ്ധ്യക്ഷയെ വിളിച്ച്, കേസ് സംബന്ധമായ കാര്യം സംസാരിക്കേണ്ട ആവശ്യമില്ലാത്തതാണ്. അദ്ധ്യക്ഷ ഉദ്ദേശിച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാർഡിലും പ്രവർത്തിക്കുന്ന ജാഗ്രതാസമിതിയുടെയും സ്ഥലം എം.എൽ.എയുടെയും മുന്നിൽ വിഷയം കൊണ്ടുവന്നോ എന്നാണ്. പരാതിക്കാരിയെ അധിക്ഷേപിച്ചിട്ടില്ലെന്നും കുറിപ്പിൽ വിശദീകരിക്കുന്നു.