കൊച്ചി: കേരള പബ്ളിക് സർവീസ് കമ്മിഷന് (പി.എസ്.സി) ഇനി നഗരമദ്ധ്യത്തിൽ സ്വന്തം ഓഫീസ് വരും. എളംകുളത്ത് സർക്കാർ അനുവദിച്ച 59 സെന്റ് സ്ഥലത്ത് ഓൺലൈൻ പരീക്ഷാസൗകര്യങ്ങൾ ഉൾപ്പെടെയുള്ള കെട്ടിടം നിർമ്മിക്കാൻ പി.എസ്.സി ഒരുങ്ങുന്നു.
വർഷങ്ങളായി ഉദ്യോഗസ്ഥർ ഉന്നയിച്ച ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. കാക്കനാട്ടായിരുന്നു പി.എസ്.സി ഓഫീസ് ആദ്യം. ജില്ലാ ഓഫീസും മേഖലാ ഓഫീസും പിന്നീട് എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന്റെ കിഴക്കൻ കവാടത്തിൽ ജി.സി.ഡി.എ നിർമ്മിച്ച കെട്ടിടത്തിലേയ്ക്ക് മാറ്റി. യാത്രാ സൗകര്യം കൂടി കണക്കിലെടുത്തായിരുന്നു തീരുമാനം.
ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടമാകും നിർമ്മിക്കുക. ഓൺലൈൻ പരീക്ഷകൾക്കും മൂല്യനിർണയത്തിനും ഹൈടെക് സംവിധാനങ്ങൾ സ്ഥാപിക്കും. തിരുവനന്തപുരം പട്ടത്തെ ഹെഡ് ഓഫീസിൽ നടത്തുന്ന അഭിമുഖങ്ങളും മറ്റും കൊച്ചിയിലും നടത്താൻ കഴിയുന്ന സൗകര്യങ്ങൾ ഒരുക്കും. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി പി.എസ്.സി ഭരണസമിതി കെട്ടിടം നിർമ്മിക്കാൻ ടെൻഡർ ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
എത്താൻ എളുപ്പം
വൈറ്റില ഹബ്, മെട്രോ റെയിൽ സ്റ്റേഷൻ, എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷൻ എന്നിവയുടെ സമീപത്താണ് പുതിയ സ്ഥലം. ഉദ്യോഗാർത്ഥികൾക്കും ജീവനക്കാർക്കും അനായാസം വന്നുപോകാം.
എളംകുളത്ത് സ്വന്തമായി ഓഫീസ് നിർമ്മിക്കാൻ കഴിഞ്ഞ ദിവസമാണ് സർക്കാർ സ്ഥലം അനുവദിച്ചത്. ഔദ്യോഗിക ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പി.എസ്.സി അധികൃതർ പറഞ്ഞു. റവന്യൂ വകുപ്പിന്റെ നടപടികൾ പൂർത്തിയാക്കിയശേഷം അളന്നുതിട്ടപ്പെടുത്തി മതിൽ കെട്ടി സംരക്ഷിക്കും. പി.എസ്.സി ഹെഡ് ഓഫീസ്, റവന്യു വകുപ്പ്, ജില്ലാ കളക്ടർ, കണയന്നൂർ തഹസിൽദാർ, എളംകുളം വില്ലേജ് ഓഫീസർ, ഫോർട്ട്കൊച്ചി മുൻ ആർ.ഡി.ഒ എന്നിവരുടെയെല്ലാം പിന്തുണയോടെയാണ് സ്ഥലം അനുവദിക്കാനുള്ള നടപടികൾ വേഗത്തിലായത്.
അഞ്ചു ജില്ലകൾ പരിധിയിൽ
കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളാണ് എറണാകുളം മേഖലാ ഓഫീസ് പരിധിയിൽ.