കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രങ്ങൾ മെനയുന്നതിനിടെ ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് എത്തി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ദേവലോകം അരമനയിൽ സഭാ അദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുമായി ഇരുവരും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.
ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു ഇരുനേതാക്കളും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്കൊപ്പം രഹസ്യ സന്ദർശനം നടത്തിയത്. സഭാ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്കറോസ് മെത്രാപ്പോലീത്തയും സ്ഥലത്തുണ്ടായിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കു പിന്നാലെ സഭാ നേതൃത്വങ്ങളുമായി യു.ഡി.എഫ് ചർച്ചകൾ ആരംഭിച്ചിരുന്നു. ഉമ്മൻചാണ്ടി തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ചുമതലയിലെത്തിയതിന് ശേഷമുള്ള സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര തുടങ്ങാനിരിക്കേയാണ് ഇരുവരും ഒരുമിച്ച് എത്തിയത്. രാഷ്ട്രീയത്തിന് പുറമേ സഭാവിഷയവും ചർച്ചയായെന്നാണ് അറിയുന്നത്. എന്നാൽ സന്ദർശനത്തെക്കുറിച്ച് സഭയോ നേതാക്കളോ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി. മുരളീധരനും സഭാ ആസ്ഥാനത്ത് എത്തിയിരുന്നു.