ആലപ്പുഴ: ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കാനായി സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ നിന്ന് ജില്ലയിലെ രണ്ട് മന്ത്രിമാരെയും രണ്ട് എം.പിമാരെയും വെട്ടിയ കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് മന്ത്രി ജി.സുധാകരൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. മന്ത്രിമാരായ ഡോ.ടി.എം.തോമസ് ഐസക്, പി.തിലോത്തമൻ, എം.പിമാരായ എ.എം.ആരിഫ്, കെ.സി.വേണുഗോപാൽ എന്നിവരുടെ പേരുകളാണ് കേന്ദ്ര സർക്കാർ ഒഴിവാക്കിയത്. ജില്ലയിലെ ജനപ്രതിനിധികളായ ഇവരെയും ഉൾപ്പെടുത്തണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും പേരുകൾ ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അന്തിമ പട്ടിക വരുമ്പോൾ എല്ലാവരുടെയും പേരുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് മന്ത്രി ജി.സുധാകരൻ വ്യക്തമാക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജി.സുധാകരൻ, ടി.എം.തോമസ് ഐസക്, പി.തിലോത്തമൻ, കേന്ദ്ര മന്ത്രിമാരായ വി.മുരളീധരൻ, വി.കെ.സിംഗ്, എം.പിമാരായ കെ.സി. വേണുഗോപാൽ, എ.എം. ആരിഫ്, ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ്, ഗിരീന്ദ്രർ അരമനി, പ്രണബ് ജ്യോതിനാഥ് എന്നിവരുടെ പേരാണ് അവസാന പട്ടികയിൽ കേന്ദ്രം അംഗീകരിച്ചതെന്ന് അറിയുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപ്പാസ് ഉദ്ഘാടനം നിർവഹിക്കുന്നത്.
ആരിഫ് കത്തയച്ചു
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിക്ക് ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്രമന്ത്രിയുടെ കത്ത് ജനുവരി 21ന് ലഭിച്ച ശേഷവും തന്റെയും മറ്റുള്ളവരുടെയും പേരുകൾ പ്രാസംഗികരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഇടയായതിനെക്കുറിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എ.എം.ആരിഫ് എം.പി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു.
സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച പട്ടികയിൽ സ്ഥലം എം.പിയായ തന്റെയും മന്ത്രി ടി.എം.തോമസ് ഐസക്ക്, മന്ത്രി പി. തിലോത്തമൻ, മുൻ എം.പി കെ.സി.വേണുഗോപാൽ പന്നിവരുടെ പേരുകൾ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി നേരിട്ട് ക്ഷണക്കത്ത് അയച്ചതിന് ശേഷവും ജില്ലയിലെ ജനപ്രതിനിധികളുടെ പേരുകൾ ഒഴിവാക്കാൻ മന്ത്രാലയത്തിൽ നിന്നു നിർദ്ദേശം നൽകി എന്നത് ഗൗരവകരമാണ്. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി ഉചിത നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ എം.പി ആവശ്യപ്പെട്ടു.