കാസർകോട്: കാസർകോട് നിന്നും കാഞ്ഞങ്ങാട് വരെയുള്ള കെ.എസ്.ടി.പി റോഡിൽ രൂപപ്പെട്ട കുഴികൾ അടപ്പിക്കാൻ മുൻകൈ എടുത്തത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം. ചന്ദ്രഗിരി പ്രസ് ക്ലബ് ജംഗ്ഷനു സമീപത്തും, ഉദുമ ഓട്ടോ സ്റ്റാൻഡിനടുത്തും കുഴികൾ രൂപപ്പെട്ടതിനാൽ വാഹനങ്ങൾ പെട്ടെന്ന് വേഗത കുറക്കുന്നതും, ദിശ മാറ്റുന്നതും അപകടകരമാകുമെന്ന സാദ്ധ്യത കണക്കിലെടുത്ത് കാസർകോട് എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ടി. എം ജഴ്സന്റെ നിർദ്ദേശ പ്രകാരം കെ.എസ്.ടി.പി അധികൃതരുമായി ബന്ധപ്പെട്ടാണ് അടിയന്തരമായി കുഴികൾ അടപ്പിച്ചത്. കഴിഞ്ഞദിവസം വൈകീട്ടോടെ തുടങ്ങിയ റോഡു അറ്റകുറ്റപണികൾ മൂലമുണ്ടായ വാഹനത്തിരക്ക് ടൗൺ ട്രാഫിക് പൊലീസിന്റെ സഹായത്തോടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനീഷ് കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ജയരാജ് തിലക്, സുധീഷ് എന്നിവർ നിയന്ത്രിച്ചു.