ശാസ്താംകോട്ട തടാക സംരക്ഷണ പദ്ധതി ചെലവ് നിരാകരിച്ച് ഓഡിറ്റ്
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ പാതിവഴിയിൽ മുടങ്ങിയ ശാസ്താംകോട്ട തടാക സംരക്ഷണ പദ്ധതിക്കായി വാങ്ങിയ 95,850 രൂപയുടെ 2,130 വൃക്ഷത്തൈകൾ സൂക്ഷിക്കാൻ കാവൽക്കാരനെ നിയോഗിച്ച് 44,100 രൂപ പാഴാക്കിയതായി ഓഡിറ്റ് റിപ്പോർട്ട്.
ആകെ വാങ്ങിയ തൈകളിൽ 920 എണ്ണം മാത്രമാണ് നട്ടുപിടിപ്പിച്ചത്. 45 രൂപ നിരക്കിൽ ബാക്കിയുള്ള തൈകളുടെ വിലയും വാച്ച്മാന് നൽകിയ കൂലിയും സഹിതം 98,550 രൂപയുടെ ചെലവ് ഓഡിറ്റ് നിരാകരിച്ചു.
ശാസ്താംകോട്ട തടാക തീരത്തെ മണ്ണൊലിപ്പ് അടക്കം തടയാൻ ഫലവൃക്ഷങ്ങളും മറ്റ് തനത് സസ്യങ്ങളും വച്ചുപിടിപ്പിക്കുന്നതിനൊപ്പം ഭൂവസ്ത്രങ്ങളും സ്ഥാപിക്കുന്നതായിരുന്നു പദ്ധതി. പക്ഷെ തുടക്കം മുതലേ പദ്ധതി നടത്തിപ്പിൽ കല്ലുകടികളുണ്ടായി. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറായിരുന്നു പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ.
16 ലക്ഷം രൂപയുടെ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയത്. പക്ഷെ പദ്ധതി പരിശോധിച്ച അഡീഷണൽ ഡയറക്ടർ ഒഫ് സോയിൽ കൺസർവേഷൻ ഭൂവസ്ത്രം സ്ഥാപിക്കുന്നത് അടക്കമുള്ള പല ഘടകങ്ങളും ഒഴിവാക്കിയാണ് സാങ്കേതിക അനുമതി നൽകിയത്. എന്നാൽ ഈ അനുമതി ലഭിക്കുന്നതിന് മുൻപേ പദ്ധതി നടപ്പാക്കി തുടങ്ങിയതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഇടയ്ക്ക് നടത്തിയ പരിശോധനയിൽ അശാസ്ത്രീയമായാണ് ഭൂവസ്ത്രം സ്ഥാപിച്ചതെന്നും കണ്ടെത്തി.
ശാസ്താംകോട്ട കോളേജിന് താഴെയുള്ള തടാക തീരത്ത് വൃക്ഷത്തൈ വച്ചുപിടിപ്പൽ തുടങ്ങിയതോടെ തങ്ങളുടെ ഭൂമിയിൽ അനുവാദമില്ലാതെ തൈ നട്ടുവെന്ന പരാതിയുമായി ദേവസ്വം ബോർഡ് രംഗത്തെത്തി. അതോടെ നിറുത്തിവച്ച പദ്ധതി പിന്നീട് പുനരാരംഭിച്ചിട്ടില്ല.
ആകെ പദ്ധതി തുക: 16 ലക്ഷം
വച്ചുപിടിപ്പിക്കാൻ ഉദ്ദേശിച്ചത്: 2,130 തൈകൾ
നട്ടത്: 920
''
ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണത്. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസാണ് നിർവഹണ ഏജൻസി. പുതിയ ജില്ലാ പഞ്ചായത്ത് ഭരണസമിതി ദേവസ്വം ബോർഡുമായി ചർച്ച നടത്തി പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കും.
കെ. പ്രസാദ്
ജില്ലാ പഞ്ചായത്ത് സെക്രട്ടറി