സാമൂഹ്യ ഉച്ചനീചത്വം ഇല്ലായ്മ ചെയ്യുന്നതിന് മാത്രമല്ല, പിന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് വേണ്ടി എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത വിപ്ളവകാരിയായിരുന്നു ഡോ. പി.പല്പു. അദ്ദേഹം രൂപം നൽകിയ മലബാർ ഇക്കണോമിക് യൂണിയൻ എന്ന സംഘടനയുടെ ലക്ഷ്യം പിന്നാക്കക്കാരുടെ വാണിജ്യപരവും വ്യാവസായികവുമായ ഉന്നമനം ആയിരുന്നു.
ഉറപ്പുള്ള സാമ്പത്തിക അടിത്തറയില്ലാതെ ഒരു സമുദായത്തിനും കാര്യമായ പുരോഗതി കൈവരിക്കാനാവില്ലെന്ന് ഡോ. പല്പു മനസിലാക്കിയിരുന്നു. സാമ്പത്തിക വ്യവസായ മേഖലകളിൽ പിന്നാക്ക സമുദായങ്ങൾ കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. 1904ൽ കൊല്ലത്തും 1907ൽ കണ്ണൂരിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ കാർഷിക വ്യാവസായിക പ്രദർശനങ്ങളുടെ ലക്ഷ്യവും അതായിരുന്നു. ഈ രണ്ട് പ്രദർശനങ്ങളും വൻ വിജയങ്ങളായിരുന്നു. ഈഴവാദി പിന്നാക്ക സമുദായങ്ങളുടെ അന്തസും ആത്മാഭിമാനവും ആത്മധൈര്യവും ഉയർത്തിയ സംഭവങ്ങളായിരുന്നു അവ രണ്ടും. പിന്നാക്ക സമുദായങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടി പ്രത്യേക സംഘടന ആവശ്യമാണെന്ന് അദ്ദേഹം ചിന്തിച്ചിരുന്നു. ഈ സമുദായങ്ങൾ നടത്തിക്കൊണ്ടിരുന്ന പരമ്പരാഗത വ്യവസായങ്ങളുടെ പുരോഗതിക്കും ഈ സമുദായങ്ങളുടെ ഉന്നമനത്തിനും ആവശ്യമായ പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനും ഒരു പുതിയ സംഘടന ആവശ്യമാണെന്ന് അദ്ദേഹം ആലോചിച്ചിരുന്നു. ഈ വ്യവസായ സംഘടന വിദേശ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിക്കണമെന്നും നാടിന്റെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യണമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ താത്പര്യം. കഴിയുമെങ്കിൽ എസ്.എൻ.ഡി.പി. യോഗത്തിന് തന്നെ ഒരു വ്യാവസായികശാഖ രൂപീകരിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. മേല്പറഞ്ഞ ലക്ഷ്യങ്ങളോടു കൂടി അദ്ദേഹം സ്ഥാപിച്ച പബ്ളിക് ലിമിറ്റഡ് കമ്പനി ആയിരുന്നു മലബാർ ഇക്കണോമിക് യൂണിയൻ. ഒരു ലക്ഷം രൂപയായിരുന്നു പ്രാരംഭ മൂലധനം.
ഡോ. പല്പു ബോംബെയിലുള്ള സുഹൃത്തിനയച്ച കത്തിൽ മലബാർ എക്കണോമിക് യൂണിയന്റെ ലക്ഷ്യങ്ങൾ ഇങ്ങനെ വിശദീകരിച്ചിരുന്നു.- "ഇവിടത്തെ ഉത്പന്നങ്ങൾ അസംസ്കൃതാവസ്ഥയിൽ കയറ്റി അയയ്ക്കുന്നത് പാപമാണെന്നാണ് എന്റെ ആശയം. അത് നാണക്കേടാണ്. അന്തിമഘട്ട ഉത്പന്നങ്ങൾ കയറ്റി അയയ്ക്കുന്നതാണ് കൂടുതൽ ലാഭകരവും ദേശസ്നേഹപരവും. ഒന്നാം ലോകമഹായുദ്ധം മൂലം താറുമാറായ വാണിജ്യം ദാരിദ്ര്യമനുഭവിക്കുന്ന ആയിരക്കണക്കിന് നമ്മുടെ കുടുംബങ്ങൾക്ക് തൊഴിൽ നൽകാനും അത് സഹായിക്കും."
കേരളത്തിന്റെ തീരപ്രദേശങ്ങളിൽ തമ്പടിച്ചിരുന്ന വിദേശവാണിജ്യ കമ്പനികളുടെ ചൂഷണത്തിൽ നിന്നും പാവപ്പെട്ട കൃഷിക്കാരെ രക്ഷിക്കുക എന്നതായിരുന്നു ഡോ. പി. പല്പുവിന്റെ നീക്കങ്ങളുടെ പ്രധാന ലക്ഷ്യം. തീരെക്കുറഞ്ഞ വിലയ്ക്കായിരുന്നു ഈ വിദേശസ്ഥാപനങ്ങൾ കാർഷികോത്പന്നങ്ങൾ വാങ്ങിയെടുത്തിരുന്നത്. കർഷകരുടെയും ചെറുകിട വ്യവസായികളുടെയും സഹകരണസംഘം എന്ന നിലയിലായിരുന്നു ഡോ. പി. പല്പു മലബാർ ഇക്കണോമിക് യൂണിയനെ വിഭാവനം ചെയ്തിരുന്നത്.
കേരളത്തിലെ സുഗന്ധദ്രവ്യങ്ങളും കയർ, കൊപ്ര തുടങ്ങിയ ഉത്പന്നങ്ങളും മറ്റും വാങ്ങുന്നതിനായി റോമാക്കാർ, ചൈനക്കാർ, ജൂതന്മാർ, അറബികൾ, ഗ്രീക്കുകാർ തുടങ്ങി പലതരം വിദേശികളും കേരളതീരത്ത് എത്താറുണ്ടായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനം ആയപ്പോഴേക്കും ബ്രിട്ടീഷുകാർ ഈ കച്ചവടം ഏറക്കുറെ മൊത്തമായി കൈയടക്കുകയുണ്ടായി.
മലബാർ ഇക്കണോമിക് യൂണിയൻ കൊച്ചിയും ആലപ്പുഴയും കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. കോഴിക്കോട്ടും അതിന്റെ പ്രവർത്തനം വ്യാപിച്ചിരുന്നു. ഏതാനും മാസങ്ങൾ കയറ്റുമതിയും നടത്തിയിരുന്നു. മദ്രാസിലെ ഒരു ബ്രിട്ടീഷ് കമ്പനിയായിരുന്നു കയറ്റുമതി ഇടപാടുകളിലെ പങ്കാളി. ഒരു ലക്ഷം പൗണ്ട് വില വരുന്ന സാധനങ്ങൾ അയയ്ക്കുന്നതിനുള്ള കരാർ വരെ കമ്പനിക്ക് ലഭിച്ചിരുന്നു. അതോടെ പല വിദേശ കമ്പനികളും അസൂയാലുക്കളും ശത്രുക്കളുമായി. അവർ മലബാർ ഇക്കണോമിക് യൂണിയനെ തകർക്കാനുള്ള ശ്രമം ആരംഭിച്ചു. വിദേശ കമ്പനികളെ അവർ പിന്തിരിപ്പിച്ചു. കൊച്ചി ചേംബർ ഒഫ് കൊമേഴ്സ്, ഷിപ്പിംഗ് കമ്പനി ഏജന്റുമാർ, ബാങ്കുകൾ എന്നിവയും നിസഹകരണം പ്രഖ്യാപിച്ചു. അതോടെ, യൂണിയന്റെ പ്രവർത്തനം മന്ദീഭവിച്ചു. യൂണിയന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാനുള്ള ഡോ..പല്പുവിന്റെ പ്രവർത്തനം ഫലവത്തായില്ല. മൈസൂർ, തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നും ആവശ്യമായ മൂലധനം സ്വരൂപിക്കാനുള്ള ശ്രമവും വിജയിച്ചില്ല. തിരുവിതാംകൂർ, കൊച്ചി ഗവൺമെന്റുകളും ഡോ. പി. പല്പുവിന്റെ സഹായാഭ്യർത്ഥന ചെവിക്കൊണ്ടില്ല. വേണ്ടത്ര ഫണ്ട് ഉണ്ടായിരുന്നിട്ടും വിവിധ ദേവസ്വം ബോർഡുകൾ പോലും ഡോ. പി. പല്പുവിനെ സഹായിച്ചില്ല. അങ്ങനെയാണ് മലബാർ ഇക്കണോമിക് യൂണിയന്റെ ആയുസ് അറ്റുപോയത്.
ലേഖകന്റെ ഫോൺ : 9744466666