തിരുവനന്തപുരം: പൊലീസ് സേനയുടെ പ്രൗഢി വിളിച്ചോതി കുതിരക്കുളമ്പടിയുടെ ഈണമുയർന്നിട്ട് വർഷം അറുപത് പിന്നിടുന്നു. 1980ൽ തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്ത് ' രാജപ്രമുഖാസ് ബോഡിഗാർഡ് ' എന്ന പേരിലാണ് അശ്വാരൂഢസേനയ്ക്ക് തുടക്കമിടുന്നത്. പിന്നീടത് 'പാലസ് ഗാർഡ് ' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. 1961ലാണ് സേനയുടെ കരുത്ത് കൂട്ടി മൗണ്ടഡ് പൊലീസ് എന്ന പേരിൽ ഇവർ കേരള പൊലീസിന്റെ ഭാഗമായത്. 60 വർഷങ്ങൾക്കിപ്പുറവും ഈ വിഭാഗത്തിന്റെ പ്രൗഢിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല.
രാജഭരണ കാലഘട്ടത്തിൽ പാളയം ബോഡിഗാർഡ് സ്ക്വയറിലായിരുന്നു പ്രവർത്തനമെങ്കിൽ ഇന്നത് തിരുവനന്തപുരം കണ്ണേറ്റുമുക്കിലെ 1.14 ഏക്കറിലാണ്. രാജപ്രമുഖരുടെ ബോഡിഗാർഡുമാരായി തുടങ്ങിയവർ ഇന്ന് അകമ്പടി സേവകരായും സുരക്ഷാഭടന്മാരായും രാജവീഥികളിൽ ദിനവും റോന്തുചുറ്റുന്നുണ്ട്.
മുമ്പ് രാജാക്കന്മാരായിരുന്നു സേനയെ നിയന്ത്രിച്ചിരുന്നതെങ്കിൽ ഇന്നത് സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവാദിത്വമാണ്. 25 കുതിരകളാണ് നിലവിൽ അശ്വാരൂഢസേനയിൽ ഉള്ളത്. രണ്ടു വർഷം മുമ്പ് സേനയിലേക്ക് വാങ്ങിയ 9 കുതിരകൾക്ക് 3-4 വയസാണ് പ്രായം. 10 പേർ 10 നും 13 നും ഇടയിൽ പ്രായമുള്ളവരാണ്. ബാക്കിയുള്ളവർക്ക് 20 വയസുണ്ട്. 20-മുതൽ 25വർഷം വരെയാണ് കുതിരകളുടെ ആയുസ്. ഇവയുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരു അസിസ്റ്റന്റ് ഡയറക്ടറും (വെറ്ററിനറി) ഒരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറുമുണ്ട്. ഇവർക്കൊപ്പം 60 ഉദ്യോഗസ്ഥരും സേനയുടെ ഭാഗമാണ്. അശ്വാരൂഢസേനയുടെ 60-ാം വാർഷികാഘോഷങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
കൗതുകമേറിയ നഗരപ്രദക്ഷിണം
വയർലെസ് അടക്കമുള്ള സംവിധാനവുമായിട്ടാണ് സേനയുടെ നഗരപ്രദക്ഷിണം. പ്രശ്നങ്ങളുണ്ടാക്കുന്നവരെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയും വിവരം കൺട്രോൾ റൂമുകളിൽ അറിയിക്കുകയും ചെയ്യും. ആദ്യസംഘം രാവിലെ 5.30 മുതൽ 7 വരെ മ്യൂസിയം, കനകക്കുന്ന്, കവടിയാർ തുടങ്ങിയ ഭാഗങ്ങളിൽ ഇറങ്ങും. പിന്നാലെ 7 മുതൽ 9 വരെ അടുത്ത സംഘമിറങ്ങും. ഇവർ ജഗതി, പൂജപ്പുര, പാളയം, രാജാജിനഗർ തുടങ്ങിയ സ്ഥലങ്ങളിലൂടെ തിരികെ കണ്ണേറ്റുമുക്കിൽ എത്തും. വൈകിട്ട് 4 മുതൽ 6 വരെ ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, വെള്ളയമ്പലം, വഴുതക്കാട് ഭാഗങ്ങളിലൂടെയാണ് അടുത്ത സംഘത്തിന്റെ റോന്തുചുറ്റൽ. 5.30 മുതൽ 7.30 വരെ മറ്റൊരു സംഘവും നഗരത്തിലിറങ്ങും. രാത്രി 11 മുതൽ പുലർച്ചെ 3 വരെയാണ് അവസാന ബാച്ചിന്റെ നഗരപ്രദക്ഷിണം. ഇത് മണക്കാട്, കിഴക്കേകോട്ട, ശ്രീകണ്ഠേശ്വരം, തമ്പാനൂർ തുടങ്ങിയ ഭാഗങ്ങളിലൂടെ തിരികെ കണ്ണേറ്റുമുക്കിൽ എത്തും. ഓരോ സംഘത്തിലും രണ്ട് കുതിരകളാണുള്ളത്.
അകമ്പടി സേവകരായും
റിപ്പബ്ലിക് ദിനപരേഡ്, സ്വാതന്ത്ര്യദിന പരേഡ്, സർക്കാരിന്റെ ഘോഷയാത്രകൾ, രാവിലെയും വൈകിട്ടും രാത്രിയിലുമുളള പട്രോൾ ഡ്യൂട്ടികൾ എന്നിവ പ്രധാന ജോലികളാണ്. കൂടാതെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്, പള്ളിവേട്ട, നവരാത്രി ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ഘോഷയാത്രകൾ എന്നിവയ്ക്കും കുതിരകൾ അകമ്പടി സേവിക്കുന്നു.
ആകെയുള്ളത്:2 5 കുതിരകൾ
09 കുതിരകൾക്ക് 3- 4 വയസ് പ്രായം
10 കുതിരകൾക്ക് 10-13 വയസ്
06 കുതിരകളുടെ പ്രായം 20 വയസ്
റോന്തുചുറ്റൽ ഇങ്ങനെ
ആദ്യബാച്ച്: രാവിലെ 5.30- 07
രണ്ടാം ബാച്ച്: രാവിലെ 07 - 09
മൂന്നാം ബാച്ച്: വൈകിട്ട് 04- 06
നാലാം ബാച്ച്: വൈകിട്ട് 5.30- 7.30
അഞ്ചാം ബാച്ച്: രാത്രി 11- വെളുപ്പിന് 03