കൊച്ചി: മാരുതി സുസുക്കിയുടെ പുതിയ കോംപാക്റ്റ് ഓഫ് - റോഡർ മോഡലായ ജിംനി ഇന്ത്യയിൽ നിന്ന് കടൽകടന്നു! ഇന്ത്യയിൽ നിർമ്മിച്ച് ലാറ്റിൻ അമേരിക്ക, ഗൾഫ്, ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് ജിംനിയെ മാരുതി കയറ്റുമതി ചെയ്തത്.
ഇന്ത്യയിൽ നിന്ന് ജിംനിയുമായുള്ള ആദ്യ കാർ കാരിയർ കപ്പൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ കൊളംബിയ, പെറു എന്നിവിടങ്ങളിലേക്ക് മുണ്ഡ്ര തുറമുഖത്തുനിന്ന് പുറപ്പെട്ടു. 184 യൂണിറ്റുകളാണ് കപ്പലിലുള്ളത്. സുസുക്കിയുടെ മാതൃരാജ്യമായ ജപ്പാനിലാണ് ജിംനി നിർമ്മിച്ചിരുന്നത്. എന്നാൽ, ആഗോളതലത്തിൽ ഡിമാൻഡ് ഉയർന്നതോടെ ഇന്ത്യയിലും ജിംനിയുടെ നിർമ്മാണം തുടങ്ങുകയായിരുന്നു.
മാരുതിയുടെ ഗുരുഗ്രാം ഫാക്ടറിയിലാണ്, ജപ്പാനിലെ അതേ സ്പെസിഫിക്കേഷനുകൾ നിലനിറുത്തി ജിംനിയുടെ നിർമ്മാണം. ത്രീ-ഡോർ പതിപ്പാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയ്ക്കായി പക്ഷേ, 5-ഡോർ പതിപ്പാണ് മാരുതി ഒരുക്കുന്നതെന്നാണ് സൂചന. ബ്രെസയ്ക്കും എർട്ടിഗയ്ക്കും കരുത്തേകുന്ന 1.5 ലിറ്റർ പെട്രോൾ എൻജിനാണ് ഉണ്ടാവുക.
മാരുതി ജിപ്സിയുടെ 4-ാം തലമുറ പതിപ്പാണ് ജിംനി. 2021ന്റെ രണ്ടാംപകുതിയിൽ ജിംനി ഇന്ത്യൻ വിപണിയിലെത്തിയേക്കും. മഹീന്ദ്രയുടെ താറിനോടായിരിക്കും പ്രധാന പോരാട്ടം.