കൊച്ചി: ഇന്ത്യക്കാരുടെ സ്കൂട്ടർ സ്വപ്നങ്ങൾക്ക് യാഥാർത്ഥ്യത്തിന്റെ ചിറകുകൾ സമ്മാനിച്ച സ്കൂട്ടേഴ്സ് ഇന്ത്യ കളമൊഴിയുന്നു. വിജയ് സൂപ്പറും ലംബ്രേറ്റയും ഉൾപ്പെടെ സ്കൂട്ടേഴ്സ് ഇന്ത്യയുടെ മോഡലുകൾ ഒരുകാലത്ത് ഓടിക്കയറിയത്, യുവാക്കളുടെയും കുടുംബങ്ങളുടെയും ഹൃദയത്തിലേക്കായിരുന്നു.
ഇന്നും ഇന്ത്യയിലെ പല കുടുംബങ്ങൾക്കും ഗൃഹാതുരത്വം സമ്മാനിക്കുന്ന ഓർമ്മകളാണ് വിജയ് സൂപ്പറും ലംബ്രേറ്റയും. പുതിയ കമ്പനികളുടെ വരവും കാലത്തിനിണങ്ങിയ പുത്തൻ സ്കൂട്ടറുകളുടെയും ബൈക്കുകളുടെയും പിറവിയും പിന്നീട് സ്കൂട്ടേഴ്സ് ഇന്ത്യയ്ക്ക് തിരിച്ചടിയായി. തുടർച്ചയായി നഷ്ടത്തിലേക്ക് വീണ ഈ പൊതുമേഖലാ സ്ഥാപനം അടച്ചുപൂട്ടാനുള്ള നീക്കമാണ് ഇപ്പോൾ കേന്ദ്രസർക്കാർ നടത്തുന്നത്. കേന്ദ്ര കാബിനറ്റിന്റെ അനുമതി കൂടി കിട്ടിയാൽ സ്കൂട്ടേഴ്സ് ഇന്ത്യയ്ക്ക് പൂട്ടുവീഴും.
ലക്നൗ ആസ്ഥാനമായുള്ള സ്കൂട്ടേഴ്സ് ഇന്ത്യ നിലവിൽ വിക്രം എന്ന ബ്രാൻഡിൽ വിവിധതരം ഓട്ടോറിക്ഷകൾ നിർമ്മിക്കുന്നുണ്ട്. കമ്പനിയെ വിറ്റൊഴിയാൻ കേന്ദ്രസർക്കാർ ശ്രമിച്ചിരുന്നെങ്കിലും വാങ്ങാൻ ആരും എത്തിയില്ല. ഇതുകൂടി കണക്കിലെടുത്താണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.
100ഓളം ജീവനക്കാരാണ് കമ്പനിക്കുള്ളത്. ഇവർക്കായി സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കും. 'സ്കൂട്ടേഴ്സ് ഇന്ത്യ" ബ്രാൻഡ്നാമം കേന്ദ്രസർക്കാർ വിൽക്കാൻ ശ്രമിക്കും. ലംബ്രേറ്റ, വിജയ് സൂപ്പർ, വിക്രം, ലാംബ്രോ എന്നീ പ്രശസ്ത ബ്രാൻഡുകൾ ഇതിനു കീഴിൽ ഉള്ളതാണ് കാരണം. 147 ഏക്കറോളം സ്ഥലത്താണ് ലക്നൗവിൽ കമ്പനി സ്ഥിതി ചെയ്യുന്നത്.
പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ ഈ സ്ഥലം ഉത്തർപ്രദേശ് സംസ്ഥാന വ്യവസായ വികസന അതോറിറ്റിക്ക് കൈമാറും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനിയാണ് സ്കൂട്ടേഴ്സ് ഇന്ത്യ. അതുകൊണ്ട്, പൂട്ടുന്നതിന് മുമ്പായി ഡിലിസ്റ്റ് ചെയ്യാനുള്ള നടപടികൾക്കും കേന്ദ്രം ഉടൻ തുടക്കമിടും.
വിജയ് സൂപ്പറും
ലംബ്രേറ്റയും
1972ലാണ് സ്കൂട്ടേഴ്സ് ഇന്ത്യ കമ്പനിയുടെ പിറവി. ത്രീവീലറുകളുടെ ഡിസൈനിംഗ്, വികസനം, നിർമ്മാണം, വിതരണം എന്നിവയായിരുന്നു പ്രവർത്തനം. 1975ലാണ് വിഖ്യാതതാരങ്ങളായ ലംബ്രേറ്റയുടെയും വിജയ് സൂപ്പറിന്റെയും പിറവി. വിജയ് സൂപ്പർ ഇന്ത്യയിൽ ഓടിയപ്പോൾ ലംബ്രേറ്റ പറന്നത് വിദേശത്തേക്കാണ്.
തുടർന്നായിരുന്നു ഓട്ടോ ബ്രാൻഡുകളായ വിക്രമിന്റെയും ലാംബോയുടെയും ജനനം. 1997ൽ കമ്പനി ടൂവീലർ നിർമ്മാണം അവസാനിപ്പിച്ചു; ശ്രദ്ധ പിന്നീട് ത്രീവീലറുകളിൽ മാത്രമാക്കി.