ന്യൂഡൽഹി: കാർഷിക ബില്ലുകൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ നാളെ നടത്തുന്ന ട്രാക്ടർ റാലിക്കായി ആയിരക്കണക്കിനുപേർ ഡൽഹിയിലേക്ക് എത്തിത്തുടങ്ങി. റാലിക്കുവേണ്ടിയുളള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. പൊലീസുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സംഘടനകൾ കർശന മാർഗനിർദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
രാജ്പഥിലെ പരേഡ് സമാപിച്ച ശേഷമാണ് റാലി തുടങ്ങുക. സിംഘു , തിക്രി, ഗാസിപുർ എന്നിവിടങ്ങളിൽ നിന്ന് തുടങ്ങുന്ന റാലികൾ ഡൽഹിക്കകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിയിലെത്തുന്ന തരത്തിലാണ് ക്രമീകരണം. ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് സംഘടനകൾ അവകാശപ്പെട്ടു. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് റാലിക്ക് പൊലീസ് സുരക്ഷ ഒരുക്കും.
അതിനിടെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നാസിക്കിൽ നിന്നും മുംബയിലേക്ക് ആൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിലുളള റാലി തുടങ്ങി. മഹാരാഷ്ട്രയിലെ 21 ജില്ലകളിൽ നിന്നുളള ആയിരക്കണക്കിന് കർഷകരാണ് 180 കിലോമീറ്റർ താണ്ടി മുംബയിലേക്ക് മാർച്ച് നടത്തുന്നത്. നൂറോളം വാഹനങ്ങളും റാലിയിൽ പങ്കെടുക്കുന്നത്. ഡൽഹിയിലെ കർഷക റാലിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്നാട്ടിലെ കർഷകർ നാളെ ഗ്രാമങ്ങളിൽ നിന്നും അതത് കളക്ട്രേറ്റുകളിലേക്ക് മാർച്ച് നടത്തും. ട്രാക്ടറുകളും കാളവണ്ടികളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടുത്തിയാണ് റാലി നടത്തുക.